തിരുവനന്തപുരം: കനത്ത വൈദ്യുതി പ്രതിസന്ധിയും തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിപ്പിച്ചത്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വൈദ്യുതി ബോർഡിന്റെ കണക്കുകൂട്ടൽ.
കേരളത്തിലെ ഉപഭോഗം കുതിച്ചുയരുന്നതിനൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ദേശീയതലത്തിൽ ആവശ്യം കൂടിയതോടെ പവർ എക്സ്ചേഞ്ചിലൂടെ സാധാരണയായി ലഭ്യമാകാറുള്ള വൈദ്യുതിയുടെ അളവിൽ കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി വാങ്ങാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ (ഏറ്റവും കൂടുതൽ ഉപഭോഗമുള്ള സമയം) സംസ്ഥാനത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
വൈദ്യുതി പ്രതിസന്ധിയെച്ചൊല്ലി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് നിയന്ത്രണ മുന്നറിയിപ്പുമായി ബോർഡ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ഉപഭോഗം പരമാവധി കുറച്ച് ജനങ്ങൾ സഹകരിക്കണമെന്നും അല്ലാത്തപക്ഷം ലോഡ്ഷെഡ്ഡിങ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നുമാണ് അധികൃതർ നൽകുന്ന സൂചന.

