Wednesday, May 1, 2024
spot_img

കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ കേന്ദ്രസംഘം മുതലപ്പൊഴി സന്ദർശിച്ചു; പ്രതിരോധത്തിലായി സംസ്ഥാനസർക്കാർ ; ലത്തീൻ സഭയുടെ പ്രതിഷേധം തണുപ്പിക്കാനുള്ള നെട്ടോട്ടം തുടരുന്നു

തിരുവനന്തപുരം : അപകടങ്ങൾ പതിവായ മുതലപ്പൊഴി സന്ദർശിക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള മൂന്നംഗം കേന്ദ്രസംഘം എത്തി. ഫിഷറീസ് ഡവലപ്പ്മെന്റ് കമ്മിഷണർ, ഫിഷറീസ് അസിസ്റ്റന്റ് കമ്മിഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്രമന്ത്രിക്കൊപ്പമെത്തിയത്.

‘സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം മത്സ്യബന്ധന മേഖലയിലുള്ളവരുമായിട്ടും മത്സ്യത്തൊഴിലാളികളുമായും സംസാരിച്ച് അവരുടെ അഭിപ്രായം കേൾക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചു കൊണ്ട് ശാശ്വതമായ പരിഹാരത്തിന് ശ്രമിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു. ഹാർബറിന്റെ നവീകരണം ഉൾപ്പെടെയുള്ളവ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുതലപ്പൊഴി സംഭവത്തിൽ ലത്തീൻ സഭയുടെ പ്രതിഷേധം തണുപ്പിക്കാൻ നെട്ടോട്ടത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. രാവിലെ മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, സജി ചെറിയാൻ എന്നിവർ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സജി ചെറിയാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും അപകട സാധ്യതയും കണക്കിലെടുത്ത് മത്സ്യബന്ധന തുറമുഖത്തിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളും സാമൂഹിക സംഘടനകളുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പൊഴിയുടെ ഇരു വശങ്ങളിലുമായുള്ള വെളിച്ചക്കുറവ് പരിഹരിക്കാൻ ആധുനിക സംവിധാനം ഉടൻ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട ഹാർബർ എൻ‌ജിനീയർക്ക് നിർദേശം നൽകിയെന്നുംമുതലപ്പൊഴിക്കായി പത്തു കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാളെ രാവിലെ പത്തു മണിക്ക് അദാനി കമ്പനിയുമായി ചർച്ച നടത്തും. മണ്ണ് നീക്കം ചെയ്യാനുള്ള സ്ഥിരം സംവിധാനവും മണ്ണ് പൊഴിയിലേക്ക് വരാതിരിക്കാനുള്ള സംവിധാനവും നടപ്പാകും.

Related Articles

Latest Articles