Thursday, May 16, 2024
spot_img

‘സൗദിയിൽ ബാങ്കുവിളി കേട്ടില്ലെന്നത് തെറ്റായ വിവരത്തിൽനിന്ന് സംഭവിച്ചത് ’: പ്രസ്‌താവനയിൽ മലക്കം മറിഞ്ഞ് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അദ്ഭുതപ്പെട്ടു പോയെന്നുമുള്ള പ്രസ്താവനയിൽ മലക്കം മറിഞ്ഞ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സൗദിയിൽ ബാങ്കുവിളി കേട്ടില്ല എന്ന തന്റെ പരാമർശം തെറ്റായ വിവരത്തിൽനിന്ന് സംഭവിച്ചതാണെന്നും ഇത് മനസ്സിലാക്കി എല്ലാവരും തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് വ്യക്തമാക്കിയത്.

‘സൗദി അറേബ്യയിൽ ചെന്നപ്പോൾ ഞാൻ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം, എക്സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാൻ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. കൂടെ വന്ന ആളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു, പുറത്ത് കേട്ടാൽ വിവരമറിയും എന്ന്. അദ്ഭുതപ്പെട്ടു പോയി. അവർക്ക് അവരുടെ വിശ്വാസത്തിന് ബാങ്കുവിളിക്കാൻ അവകാശമുണ്ട്. പക്ഷേ, പൊതുയിടത്തിൽ ശല്യമാണ്, അത് പാടില്ല. അതാണ് നിയമം. എല്ലാവർക്കും അവിടെ പ്രാർഥിക്കാൻ അവകാശമുണ്ട്. എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെ. ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായി ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളത്’’ – സജി ചെറിയാന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു . പ്രസ്‌താവനയിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതോടെയാണ് പ്രസ്‌താവനയിൽ തിരുത്തുമായി മന്ത്രി രംഗത്തെത്തിയത്.

സജി ചെറിയാൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശ്യശുദ്ധിയെ മനസ്സിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്.

മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽനിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇതു മനസ്സിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർഥിക്കുന്നു.

Related Articles

Latest Articles