ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോൺ കണ്ടതായി റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിലാണ് അതിരാവിലെ ഡ്രോൺ കണ്ടെത്തിയത്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ് രാവിലെ അഞ്ച് മണിയോടെ ഡ്രോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം ദില്ലി പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.
ഡ്രോണ്‍ പറത്തുന്നതിന് വിലക്കുള്ള പ്രദേശമാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പുലര്‍ച്ചെ പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ദില്ലി പൊലീസ് പറഞ്ഞു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

