Saturday, January 10, 2026

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിൽ ; നായനാരുടെ വീട് സന്ദർശിക്കും ; കനത്തസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്

കണ്ണൂര്‍: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിലെത്തും. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലിസ് കനത്തസുരക്ഷാ ക്രമീകരണങ്ങള്‍ കണ്ണൂരിൽ ഏര്‍പ്പെടുത്തി. കോഴിക്കോട്ടെ സന്ദര്‍ശനത്തിന് ശേഷമാണ് സുരേഷ് ഗോപി കണ്ണൂരിലെത്തുന്നത്. പയ്യാമ്പലത്ത് കെ ജി മാരാര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ചന നടത്തിയതിനുശേഷം കല്യാശേരിയില്‍ വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് വിശ്രമിക്കുന്ന മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്നി ശാരദ ടീച്ചറെയും സന്ദര്‍ശിക്കും. ഇതിനുശേഷം കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിലും സുരേഷ് ഗോപി പങ്കെടുക്കും.

പെട്രോളിയം, ടൂറിസം മന്ത്രിയായതിനുശേഷം ആദ്യമായാണ് സുരേഷ് ഗോപി കണ്ണൂര്‍ സന്ദര്‍ശിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. കൊട്ടിയൂരിലെ എയ്ഡസ് ബാധിതരായ രണ്ട് കുട്ടികളെ മാറോടണച്ച് ചേര്‍ത്തുകൊണ്ട് ഒരു പരിപാടിയില്‍ പങ്കെടുത്തതിനുശേഷമാണ് സുരേഷ് ഗോപി ജീവകാരുണ്യ രംഗത്ത് സജീവമാകുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ കെ നായനാര്‍, കെ കരുണാകരന്‍ എന്നിവരുമായി അടുത്തബന്ധം സുരേഷ് ഗോപി പുലർത്തിയിരുന്നു. മുന്‍ ബി.ജെ.പി നേതാവ് പി.പി മുകുന്ദന്റെ കൊട്ടിയൂരിലെ വീട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്താറുണ്ട്.

Related Articles

Latest Articles