Tuesday, May 14, 2024
spot_img

കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ കർണാടക ബിജെപി അദ്ധ്യക്ഷ പദവിയിലേക്ക്? ചർച്ചകൾ സജീവമെന്ന് സൂചനകൾ; നിർണ്ണായക നീക്കം ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ

ബെംഗളൂരു: സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ച് അഞ്ച് മാസത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ മാറ്റാൻ കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നതിനിടെ കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ സ്ഥാനത്തെത്തുമെന്ന തരത്തിൽ സൂചനകൾ പുറത്തു വരുന്നു. സ്ഥാനത്തേക്ക് തനിക്ക് താൽപ്പര്യമില്ലെന്ന് കരന്ദ്‌ലജെ നേരത്തെ പറഞ്ഞിരുന്നെങ്കിലും കരന്ദ്‌ലജെ തന്നെയാകും തൽസ്ഥാനത്ത് എത്തുക എന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ പ്രതീക്ഷിക്കുന്നത്.

ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനും മുതിർന്ന സംസ്ഥാന നേതാവ് ബിഎസ് യെദ്യൂരപ്പയ്ക്കും കരന്ദ്‌ലജെ തൽസ്ഥാനത്ത് എത്തുന്നതിൽ എതിർപ്പുകളില്ല. അതിനാൽ തന്നെ കരന്ദ്‌ലജെയെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിക്കുന്നതിലൂടെ എല്ലാ വിഭാഗങ്ങളെയും ഒപ്പം കൂട്ടി സംസ്ഥാനത്തെ 28 ലോക്‌സഭാ സീറ്റുകളിൽ 25 സീറ്റുകളും നേടിയ പാർട്ടിയുടെ പ്രകടനം ആവർത്തിക്കാനാകുമെന്നാണ് കേന്ദ്ര നേതൃത്വം കണക്ക് കൂട്ടുന്നത്.

ഇന്നലെ സമാപിച്ച ദസറയ്ക്ക് ശേഷം പുതിയ അദ്ധ്യക്ഷനെ നിയമിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പാർട്ടി വ്യക്തത നൽകിയില്ല. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും എംഎൽസിയുമായ രവികുമാർ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മാത്രമാണ് പറഞ്ഞത്.

പാർട്ടിയിലെ ഉന്നതർ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നും ഡിസംബർ 3 ന് ഫലം പ്രഖ്യാപിക്കുന്നത് വരെ നിർണായക തീരുമാനം എടുക്കാൻ അവർ തയ്യാറാകില്ലെന്നും പേര് വെളിപ്പെടുത്താൻ താൽപ്പര്യപ്പെടുന്ന പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles