Friday, May 17, 2024
spot_img

വില്ലനായത് ഷവർമ്മയെന്ന് സംശയം ! ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചെമ്പിളാവ് ചിറക്കരക്കുഴിയിൽ കെ.കെ.ദിവാകരൻ നായരുടെയും എം.പി.സിൽവിയുടെയും മകനായ രാഹുൽ ഡി.നായരാണ് (22) മരിച്ചത്.

പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനിയിലെ ജീവനക്കാരനായിരുന്ന രാഹുൽ ചിറ്റേത്തുകരയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു. മാവേലിപുരത്തെ ഹോട്ടലിൽ നിന്ന് പതിനെട്ടാം തീയതി ഓൺലൈൻ ഓർഡറിലൂടെ ഷവർമ വരുത്തിയ ഇയാൾ കഴിച്ചിരുന്നു. ഇതിന് ശേഷമാണു രാഹുൽ അവശനിലയിലായതെന്നാണ് ബന്ധുക്കൾ പറയുന്നത്. തൊട്ടടുത്ത ദിവസം ചികിത്സ തേടിയ ശേഷം താമസസ്ഥലത്തു മടങ്ങിയെത്തിയ രാഹുൽ അവശനിലയിലായതിനെ തുടർന്ന് 22ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം യുവാവിന് വിഷബാധ ഉണ്ടായിട്ടുണ്ടെന്നും ഷവർമ വഴിയാണോ സംഭവിച്ചതെന്നതിൽ പരിശോധനാഫലം വന്ന ശേഷം മാത്രമേ വ്യക്തത വരുത്താനാകൂവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

യുവാവിന്റെ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലാകുകയും ഹൃദയാഘാതവുമുണ്ടാകുകയും ചെയ്തു.  തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് ഹോട്ടൽ അടച്ചു. ഹോട്ടലുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസിന്റെ ഫൊറൻസിക് വിഭാഗവും പരിശോധന നടത്തിയെങ്കിലും സംഭവ ദിവസത്തെ ഷവർമ സാംപിൾ ശേഖരിക്കാൻ സാധിച്ചില്ല. ഹോട്ടലിലുണ്ടായിരുന്ന ഭക്ഷണത്തിന്റെ സാംപിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു.

മരിച്ച രാഹുലിന്റെ സഹോദരങ്ങൾ: കാർത്തിക്, ഭവ്യ. സംസ്കാരം പിന്നീട്.

Related Articles

Latest Articles