Monday, May 20, 2024
spot_img

എം.വി. ഗോവിന്ദനെയും സർക്കാരിനെയും കണക്കിന് പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഫേസ്ബുക് പോസ്റ്റ്; “എം.വി. ഗോവിന്ദന്റെ മാദ്ധ്യമസ്വാതന്ത്ര്യം, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിലെ സ്റ്റഡി ക്ലാസുകൾ തുടരട്ടെ”

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത പരിഹാസവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഫേസ്ബുക് പോസ്റ്റ്. എം.വി. ഗോവിന്ദന്റെ മാദ്ധ്യമസ്വാതന്ത്ര്യം, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ തുടര്‍ന്നും സ്റ്റഡി ക്ലാസുകൾ തുടർന്നും നടത്തണമെന്ന് പരിഹസിച്ച വി.മുരളീധരന്‍. കേരളം നമ്പര്‍ വണ്‍ ആണെന്ന് പറഞ്ഞ് നമുക്ക് അഭിമാനിക്കാമെന്ന് പറഞ്ഞ് സിപിഎമ്മിനെയും പരിഹസിച്ചു. മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തിലായിരുന്നു വി.മുരളീധരന്റെ പ്രതികരണം.

വി.മുരളീധരന്റെ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വായിക്കാം

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മാത്രമല്ല ആഭ്യന്തരവകുപ്പും ഭരിക്കുന്നത് എസ്എഫ്‌ഐയുടെ ഗൂണ്ടകളാണെന്നതിന്റെ തെളിവാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരായ കേസ്….
എം.വി ഗോവിന്ദന്‍ ന്യായീകരിച്ചതിലൂടെ സിപിഎമ്മിന്റെ അറിവോടെയാണ് കേസെടുത്തതെന്ന് വ്യക്തം.
എസ്എഫ്‌ഐ നേതാവ് എഴുതാത്ത പരീക്ഷ പാസായി എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് മഹാ അപരാധമായിപ്പോയി പോലും !

വധശ്രമമടക്കം ഒരു ഡസന്‍ കേസുകളില്‍ പ്രതിയായ,സഹപാഠിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ക്രിമിനലിന് വേണ്ടിയാണ് ഗോവിന്ദനും കേരള പോലീസും രംഗത്തിറങ്ങുന്നത്

വ്യാജരേഖക്കാരിയായ എസ്എഫ്‌ഐ നേതാവും ആള്‍മാറാട്ടക്കാരന്‍ നേതാവും സുഖമായി കറങ്ങി നടക്കുമ്പോള്‍ അഖില നന്ദകുമാര്‍ പ്രതിയാവുന്നു.

കുത്തുകേസ് പ്രതികള്‍ പിഎസ്സി പട്ടികയില്‍ ഇടംപിടിക്കുന്ന പിണറായി ഭരണം.
എസ്എഫ്‌ഐ ഗൂണ്ടകള്‍ കലാലയം കീഴടക്കുമ്പോള്‍ അധ്യാപകര്‍ പോലും നിസഹായരാവുന്നു.
തിരുവനന്തപുരം ലോ കോളജിലെ ഡോ.വി.കെ സഞ്ജുവും കാസര്‍കോട് കോളജിലെ ഡോ.രമയും ഉദാഹരണങ്ങള്‍.

കായികമായി ആക്രമിക്കപ്പെട്ടാലും കേസും നടപടിയും നേരിടേണ്ടി വരുന്നത് അധ്യാപകര്‍ എന്ന വിചിത്രമായ രീതിയും. ഇന്നത്തെ ഗൂണ്ടകള്‍ നാളത്തെ നേതാക്കള്‍ എന്ന സിപിഎം നയമാണ് കുട്ടിസഖാക്കള്‍ക്ക് ഊര്‍ജമേകുന്നത്..

കേരള സര്‍വകലാശാലയിലെ പ്രൊഫ.വിജയലക്ഷ്മിയുടെ മുടിക്കുത്തിന് പിടിച്ച് വധഭീഷണി മുഴക്കിയ എ.എ റഹിമും സിഎംഎസ് കോളജ് തല്ലിപ്പൊളിച്ച ജെയ്ക്ക് സി തോമസുമെല്ലാം പാര്‍ട്ടിയില്‍ പ്രമുഖരാകുമ്പോള്‍ ആര്‍ഷോമാര്‍ക്ക് ആവേശം തോന്നുക സ്വാഭാവികം.!
മാധ്യമസ്വാതന്ത്ര്യം ,അഭിപ്രായ സ്വാതന്ത്ര്യം, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ ഗോവിന്ദന്‍ മാഷിന്റെ സ്റ്റഡി ക്ലാസുകള്‍ തുടരട്ടെ !
കേരളം നമ്പര്‍.1 എന്നെന്ന് നമുക്ക് അഭിമാനിക്കാം….

Related Articles

Latest Articles