Sunday, May 26, 2024
spot_img

മോശം കാലാവസ്ഥ ! പാക് വ്യോമപാതയിലേക്ക് കടന്ന ഇൻഡിഗോ വിമാനം സുരക്ഷിതമായി മടങ്ങിയെത്തി

ഇസ്‌ലാമാബാദ് : മോശം കാലാവസ്ഥയെ തുടർന്ന് പാക് വ്യോമപാതയിലേക്ക് കടന്ന ഇൻഡിഗോ എയർലൈൻസ് വിമാനം സുരക്ഷിതമായി മടങ്ങിയെത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം.അമൃത്‌സറിൽ നിന്നും അഹമ്മദാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനമാണ് പാക് വ്യോമപാതയിലേക്ക് കടന്നത്. പാകിസ്ഥാനിലെ ഗുജ്രൻവാല വരെയെത്തിയ വിമാനം സുരക്ഷിതമായി ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് മടങ്ങിയെത്തി.

ഇൻഡിഗോ വിമാനം 6E-645 ആണ് വഴിതിരിച്ചുവിട്ടത്. പാക്കിസ്ഥാൻ എയർട്രാഫിക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാണ് വിമാനം നിയന്ത്രിച്ചത്. ഫ്ലൈറ്റ് റഡാർ അനുസരിച്ച്, 454 ഗ്രൗണ്ട് വേഗതയിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഇന്ത്യൻ വിമാനം ഇന്നലെ വൈകുന്നേരം 7.30ന് ലാഹോറിന് വടക്കുള്ള വ്യോമ മേഖലയിലൂടെ പ്രവേശിച്ച് 31 മിനിട്ടുകൾക്ക് ശേഷം രാത്രി 8.01ന് ഇന്ത്യയിൽ മടങ്ങിയെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മേയിൽ കനത്ത മഴയെ തുടർന്ന് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്
വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് 10 മിനിറ്റോളം തങ്ങിയിരുന്നു.

സംഭവത്തിൽ അസ്വഭാവികതയില്ലെന്നും മോശം കാലാവസ്ഥയിൽ ഇത്തരം കാര്യങ്ങൾ രാജ്യാന്തരനിയമമനുസരിച്ച് അനുവദനീയമാണെന്നും പാക് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Related Articles

Latest Articles