Thursday, May 16, 2024
spot_img

വനിതാ ഫുട്‌ബോൾ ലോകകപ്പ് വമ്പൻ അട്ടിമറി; സ്വീഡനോട് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക പുറത്ത്

മെല്‍ബണ്‍ : 2023 വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ വമ്പൻ അട്ടിമറി. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടർ പോരാട്ടത്തിൽ നിന്ന് നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക പെനാൽട്ടി ഷൂട്ടൗട്ടിൽ സ്വീഡനോട് തോൽവി സമ്മതിച്ച് പുറത്തായി. മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി നെതര്‍ലന്‍ഡ്‌സും ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു .

മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സഡന്‍ ഡെത്തിലൂടെയാണ് സ്വീഡന്‍ അമേരിക്കൻ പടയെ അട്ടിമറിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഗോൾ രഹിത സമനില തുടർന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയി . ഷൂട്ടൗട്ടിട്ടിലും ഇരുടീമുകളും 3-3 സമനില പാലിച്ചു. ഇതോടെയാണ് മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങിയത്.

സഡന്‍ ഡെത്തില്‍ അമേരിക്കയ്ക്കായി വേണ്ടി അലീസ നേഹര്‍, മഗ്ദലെന എറിക്‌സണ്‍ എന്നിവര്‍ പന്ത് വലയിലെത്തിച്ചപ്പോൾ ഏഴാം കിക്കെടുത്ത കെല്ലി ഒ ഹാരയ്ക്ക് പിഴച്ചു. പിന്നാലെ വന്ന ലിന ലക്ഷ്യം കണ്ടതോടെ സ്വീഡന്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശനം ഉറപ്പിച്ചു. വനിതാ ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് അമേരിക്ക സെമി ഫൈനലിന് മുന്‍പ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്നത്.

മറ്റൊരു മത്സരത്തിൽ നെതര്‍ലന്‍ഡ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. ടീമിനായി ജില്‍ റൂര്‍ഡ്, ലിനെത് ബീരെന്‍സ്റ്റെയ്ന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സ് സ്‌പെയിനിനെയും സ്വീഡന്‍ ജപ്പാനെയും നേരിടും.

Related Articles

Latest Articles