Thursday, January 8, 2026

‘പ്രതിപക്ഷത്തിൽ ഐക്യം സാധ്യമല്ല’; ബിജെപി വിരുദ്ധ പ്രതിപക്ഷ നേതൃയോഗത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ജമ്മു കശ്മീര്‍ : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പാറ്റ്നയിൽ ചേരുന്ന ബിജെപി വിരുദ്ധ പ്രതിപക്ഷ നേതൃയോഗത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാറ്റ്നയിലെ പ്രതിപക്ഷനേതൃയോഗം ഫോട്ടോ സെഷൻ മാത്രമെന്നായിരുന്നു അമിത് ഷായുടെ വിമർശനം. പ്രതിപക്ഷനിരയില്‍ ഒരിക്കലും ഐക്യം സാധ്യമാകില്ലെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നൂറിലധികം സീറ്റുമായി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുമെന്നും അമിത്ഷാ വ്യക്തമാക്കി. വിവിധ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനത്തിനായി ജമ്മു കശ്മീരില്‍ എത്തി, ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘പാറ്റ്നയിൽ ഒരു ഫോട്ടോ സെഷന്‍ പുരോഗമിക്കുകയാണ്. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എൻഡിഎയെയും വെല്ലുവിളിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ എത്ര ശ്രമിച്ചാലും പ്രതിപക്ഷത്തിൽ ഐക്യം സാധ്യമല്ല. പ്രതിപക്ഷം ഐക്യത്തിൽ വന്നാലും ജനങ്ങൾ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും’’– അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ യോഗം രാവിലെ പതിനൊന്ന് മണിയോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ആരംഭിച്ചു. യോഗത്തിൽ കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, സിപിഎം, സിപിഐ, ആർജെഡി, ജെഡിയു, എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, പിഡിപി, നാഷനൽ കോൺഫറൻസ്, മുസ്‌ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് (എം) എന്നിവയടക്കം 20 കക്ഷികൾ പങ്കെടുക്കുന്നുണ്ട്. എന്നാൽ ബിഎസ്പി, ബിആർഎസ് പാർട്ടികൾ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്..

Related Articles

Latest Articles