തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ വീണ്ടും ചർച്ചാ വിഷയമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രതികരണമറിയിച്ചിരിക്കുന്നത്.
ജനങ്ങളുടെ ആശങ്ക മുഴുവൻ ഉൾക്കൊള്ളുന്നതാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് . ‘ഞങ്ങളുടെ ആശങ്കയ്ക്കൊപ്പം മുഴുവൻ രാജ്യവും ഞങ്ങളോടൊപ്പം ചേരുക. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഞങ്ങളുടെ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നു.‘ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഉണ്ണി മുകുന്ദനെ കൂടാതെ സിനിമാതാരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. 125 വര്ഷംപഴക്കമുള്ള മുല്ലപ്പെരിയാര്‍ ഇനിയും മുന്‍പോട്ടുകൊണ്ടുപോകരുതെന്നും രാഷ്ട്രീയം മാറ്റിവെച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് . അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങൾ മൂലം അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടുണ്ട്.
കൂടാതെ അണക്കെട്ടിലെ ചോർച്ചയും ആശങ്കയുണ്ടാക്കുന്നുണ്ട്. 125 വർഷം മുൻപ് നിർമാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിർമാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാൽ കാലഹരണപ്പെട്ടതാണ്. അണക്കെട്ടു തകർന്നാൽ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ മലയാളികളുടെ കമന്റുകള്‍ നിറയുകയാണ്. ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മലയാളികള്‍ എം.കെ സ്റ്റാലിന്റെ പേജിൽ കമന്റിടുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നുമാണ് മലയാളികളുടെ ആവശ്യം. #DecommissionMullaperiyarDam,#SaveKerala എന്നീ ഹാഷ്ടാഗുകളോടെയാണ് കമന്റുകള്‍ ആളുകൾ ഇടുന്നത്.
‘സര്, വെള്ളം എത്രവേണമെങ്കിലും എടുത്തോളൂ, ജീവന് എടുക്കരുത്’ എന്നും ‘സര് ഞങ്ങളും ജീവിക്കാന്‍ ആഗ്രഹിക്കുന്നു, അറബികടലും തെക്കുകിഴക്കന്‍ മണ്‍സൂണും സഹ്യനുമുള്ളടത്തോളം കാലം ആ വെള്ളം നിങ്ങള്‍ക്ക് തരാന്‍ ഞങ്ങള്‍ക്കൊരു മടിയുമില്ല, മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും വെള്ളം മുഴുവന്‍ നിങ്ങള്‍ എടുത്തോളൂ, ഡാം ഒന്ന് പുതുക്കി പണിയാന്‍ സമ്മതിക്കൂ. ഇല്ലെങ്കില്‍ ഒരു ജനത മുഴുവന്‍ ഇല്ലാതെ ആകും’…എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

