Saturday, November 28, 2026

കോവിഡ് ഭീഷണി അതിജീവിച്ച് ഉത്തര്‍ പ്രദേശ്‌ മുന്നോട്ട്: നിയന്ത്രണങ്ങളോടെ സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

ലഖ്നൗ: നീണ്ട ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം കൊവിഡ് നിയന്ത്രണവിധേയമായതോടെ സ്‌കൂളുകള്‍ വീണ്ടും തുറന്ന് ഉത്തര്‍ പ്രദേശ്. 9 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്. ഒട്ടുമിക്ക സംസ്ഥാനങ്ങളും കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും വിടുതല്‍ നേടിയതോടെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഉത്തര്‍ പ്രദേശിന് പുറമേ ബീഹാര്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളുകൾ വീണ്ടും തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ നടത്തുക. അതേസമയം, ആഗസ്റ്റ് 2 മുതല്‍ ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്കൂള്‍ തുറന്നിരുന്നു. സ്‌കൂളുകളുടെ പ്രവേശന കവാടത്തില്‍ താപ നില പരിശോധിക്കും, എല്ലാ നിലകളിലും സാനിറ്റൈസറുകള്‍ സ്ഥാപിക്കും. വിദ്യാര്‍ത്ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് ലഖ്നൗ മോണ്ടിസോറി സ്‌കൂള്‍ സീനിയര്‍ വിഭാഗം മേധാവി അനിത വര്‍മ്മ പറഞ്ഞു.

എന്നാൽ സ്കൂള്‍ തുറന്നുവെങ്കിലും കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആണ് സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിയ്ക്കുന്നത്. സമൂഹിക അകലം പാലിച്ചായിരിക്കും വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ ഇരുത്തുക. 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസുകള്‍ സംഘടിപ്പിക്കുകയെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. അതേസമയം യൂണിവേഴ്‌സിറ്റികളും കോളജുകളും സെപ്റ്റംബര്‍ 1 മുതല്‍ പുനരാരംഭിക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles