ദില്ലി : ഒമാൻ കടലിടുക്കിൽ വച്ച് പലാവു പതാകയുള്ള ‘എംടി സെറ്റെബെല്ലോ’ എന്ന എണ്ണടാങ്കറിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. കപ്പലിലെ ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ തിരച്ചിലിനൊടുവിൽ കണ്ടെത്തിയതായി കേന്ദ്ര തുറമുഖ-ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി.
ഹിമാചൽ പ്രദേശ് സ്വദേശിയായ ഡെക്ക് കേഡറ്റ് ആദിത്യ ശർമ, ഉത്തർപ്രദേശ് സ്വദേശിയായ എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ആന്ധ്രാപ്രദേശ് സ്വദേശിയായ ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികരിൽ 21 പേരെ നേരത്തെ തന്നെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.
ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്നുവെന്നും സൈന്യത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് കപ്പലിന്റെ എഞ്ചിൻ റൂം ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടത്തിയത്. എന്നാൽ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി സാധാരണക്കാരായ നാവികരുടെ ജീവൻ അപകടത്തിലാക്കിയ നടപടിക്കെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ദില്ലിയിലെ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യൻ നാവിക സമൂഹത്തിന് നികത്താനാവാത്ത വലിയൊരു നഷ്ടമാണ് ഈ ദുരന്തമെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അനുശോചിച്ചു. ദുരന്തത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങൾക്കൊപ്പം മോദി സർക്കാർ ഉറച്ചുനിൽക്കുമെന്നും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പരിക്കേൽക്കാതെ രക്ഷപ്പെട്ട മറ്റ് ക്രൂ അംഗങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കാനും, മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ അന്ത്യകർമ്മങ്ങൾക്കായി വേഗത്തിൽ ഇന്ത്യയിലെത്തിക്കാനും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രി അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയിലുണ്ടായ ഈ ആക്രമണം ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

