വെനസ്വേലയിൽ നാടകീയമായ സൈനിക നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയ സാഹചര്യത്തിൽ, സ്ഥിതിഗതികൾ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നതായി ഭാരതം. യുഎസ് പ്രത്യേക സേനയുടെ വ്യോമാക്രമണത്തിനും മഡുറോയുടെ അറസ്റ്റിനും പിന്നാലെ വെനസ്വേലയിലുണ്ടായ സംഭവവികാസങ്ങളിൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആശങ്ക രേഖപ്പെടുത്തി. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ മുൻഗണന നൽകുന്നുവെന്നും, നിലവിലുള്ള പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യ, കാരക്കാസിലെ ഇന്ത്യൻ എംബസി അവിടുത്തെ ഇന്ത്യൻ സമൂഹവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
നീണ്ട പന്ത്രണ്ട് വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് അമേരിക്കൻ സൈന്യം ശനിയാഴ്ച രാത്രി കാരക്കാസിൽ മിന്നൽ പരിശോധന നടത്തിയത്. മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയ അമേരിക്കൻ സേന, ഇവരെ ഉടൻ തന്നെ വിചാരണയ്ക്കായി ന്യൂയോർക്കിലേക്ക് മാറ്റി.
അതേസമയം, മഡൂറോയുടെ പതനത്തിന് പിന്നാലെ വെനസ്വേലയിൽ രാഷ്ട്രീയ മാറ്റങ്ങൾക്കും വഴിയൊരുങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ നാഴികയാണിതെന്ന് വെനസ്വേലൻ പ്രതിപക്ഷ നേതാവും നൊബേൽ സമ്മാന ജേതാവുമായ മരിയ കോറിന മച്ചാഡോ പ്രതികരിച്ചു. 2024-ലെ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർത്ഥി ഉടൻ തന്നെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, മച്ചാഡോയ്ക്ക് വെനസ്വേലയിൽ വേണ്ടത്ര പിന്തുണയോ ജനപ്രീതിയോ ഇല്ലെന്ന നിലപാടാണ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. വെനസ്വേലയിലെ ഈ അപ്രതീക്ഷിത ഭരണമാറ്റം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ആഗോള രാഷ്ട്രീയത്തിലും വൻ ചലനങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

