Saturday, September 19, 2026

ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ സൈനിക നീക്കം! ഇറാനിയൻ എണ്ണയുമായി വന്ന കപ്പൽ പിടിച്ചെടുത്തു

വാഷിങ്ടൺ : ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിയൻ എണ്ണ കടത്തുകയായിരുന്ന കപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. യുഎസ് യുദ്ധകാര്യ വകുപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്. പതാകയൊന്നുമില്ലാത്ത) ‘എം/ടി മെജസ്റ്റിക് എക്സ്’ എന്ന കപ്പലാണ് അമേരിക്കൻ സേന തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. യുഎസ് ഇന്തോ-പസഫിക് കമാൻഡിന്റെ അധികാരപരിധിയിൽ വരുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചാണ് സൈനിക നടപടി നടന്നത്. മധ്യപൂർവേഷ്യയ്ക്ക് പുറത്ത് അമേരിക്ക നടത്തുന്ന രണ്ടാമത്തെ കപ്പൽ പിടിച്ചെടുക്കൽ നടപടിയാണിത്. ഇതോടെ ആഗോളതലത്തിൽ ഇറാനിയൻ എണ്ണ നീക്കങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ ഉപരോധം കൂടുതൽ വിപുലമായിരിക്കുകയാണ്.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് എണ്ണ കടത്തുന്ന ഇത്തരം കപ്പലുകൾക്കെതിരെയുള്ള നടപടികൾ തുടരുമെന്ന് യുഎസ് യുദ്ധകാര്യ വകുപ്പ് വ്യക്തമാക്കി. തങ്ങളുടെ അധികാരപരിധിയിലുള്ള സമുദ്രഭാഗങ്ങളിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും, ഇറാനിയൻ അനധികൃത ശൃംഖലകളെ തകർക്കാൻ ആഗോളതലത്തിൽ നാവിക നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. പതാകയില്ലാത്ത കപ്പലായതിനാൽ അന്താരാഷ്ട്ര സമുദ്ര നിയമപ്രകാരം ഇവ പരിശോധിക്കാനും പിടിച്ചെടുക്കാനും അമേരിക്കൻ സൈന്യത്തിന് പൂർണ്ണമായ അധികാരമുണ്ടെന്നും യുദ്ധകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഏപ്രിൽ 13-ന് ആരംഭിച്ച ഉപരോധ നടപടികളുടെ ഭാഗമായി സമീപദിവസങ്ങളിലായി കപ്പലുകൾക്കെതിരെയുള്ള പരിശോധനകൾ വർദ്ധിച്ചിട്ടുണ്ട്. നേരത്തെ ഒമാൻ ഉൾക്കടലിൽ വെച്ച് ‘ടൂസ്ക’ എന്ന ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതും, മലേഷ്യയ്ക്കും ഇന്ത്യയ്ക്കും സമീപം മൂന്ന് സൂപ്പർ ടാങ്കറുകൾ തടഞ്ഞുവെച്ചതും ഈ ഉപരോധത്തിന്റെ ഭാഗമായിരുന്നു. ആഗോള സമുദ്രപാതകൾ ഉപയോഗിച്ച് നടത്തുന്ന ഇത്തരത്തിലുള്ള നിയമവിരുദ്ധ നീക്കങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന സൂചനയാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്നത്.

Related Articles

Latest Articles