ന്യൂഡൽഹി: ഒരുകാലത്ത് ഇന്ത്യൻ കുടിയേറ്റക്കാരുടെ പറുദീസയായിരുന്ന അമേരിക്കൻ ഐക്യനാടുകളോടുള്ള താൽപ്പര്യം ഇന്ത്യൻ വംശജർക്കിടയിൽ കുറയുന്നതായി റിപ്പോർട്ട്. കാർനെഗീ എൻഡോവ്മെൻ്റ് നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം അമേരിക്കയിലെ 40 ശതമാനം ഇന്ത്യൻ വംശജരും രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. രാഷ്ട്രീയ അസ്ഥിരതയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള കടുത്ത അതൃപ്തിയാണ് പലരെയും പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 58 ശതമാനം പേരും രാഷ്ട്രീയ നിരാശ ഒരു പ്രധാന കാരണമായി പറഞ്ഞു. പ്രത്യേകിച്ച്, ഡൊണാൾഡ് ട്രംപിന്റെ നയങ്ങളോടുള്ള അതൃപ്തിയും “അമേരിക്ക അമേരിക്കക്കാർക്ക് വേണ്ടി” എന്ന മുദ്രാവാക്യവും കുടിയേറ്റ സമൂഹങ്ങളിൽ തങ്ങൾ ഇവിടെ സുരക്ഷിതരല്ലെന്ന തോന്നൽ ഉണ്ടാക്കുന്നുണ്ട്.
അമേരിക്കയിലെ പ്രധാന നഗരങ്ങളായ സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ഉയർന്ന ജീവിതച്ചെലവ് ഇടത്തരം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഒരു ബെഡ്റൂം അപ്പാർട്ട്മെന്റിന് മാത്രം മാസം 3,000 മുതൽ 5,000 ഡോളർ വരെയാണ് വാടക. ഒരു കുട്ടിയെ വളർത്താൻ ഏകദേശം 3 ലക്ഷം ഡോളറിലധികം ചെലവ് വരുന്നു എന്നതും സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
വർഷങ്ങളോളം ജോലി ചെയ്തിട്ടും ഗ്രീൻ കാർഡ് ലഭിക്കുന്നതിലെ കാലതാമസവും വിസാനയങ്ങളിലെ അനിശ്ചിതത്വവും വിദഗ്ധ തൊഴിലാളികളെ നിരാശരാക്കുന്നു. കൂടാതെ, ജോലിസ്ഥലങ്ങളിലും ഓൺലൈനിലും നേരിടുന്ന വർണ്ണവിവേചനവും പക്ഷപാതപരമായ പെരുമാറ്റവും ഇന്ത്യൻ സമൂഹത്തെ അമേരിക്കയിൽ നിന്ന് അകറ്റുന്ന ഘടകങ്ങളാണ്.
ഇന്ത്യൻ വംശജർക്കിടയിലെ രാഷ്ട്രീയ ചായ്വിലും വലിയ മാറ്റം പ്രകടമാണ്. 2020-ന് ശേഷം ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. ഏകദേശം 30 ശതമാനം ആളുകൾ ഇപ്പോൾ സ്വതന്ത്ര നിലപാടുള്ളവരാണ്. പാർട്ടി വിശ്വസ്തതയേക്കാൾ ജോലി സുരക്ഷയും കുടുംബത്തിന്റെ സുരക്ഷിതത്വവുമാണ് ഇപ്പോൾ ഇവർ പ്രധാനമായി കാണുന്നത്.
നിലവിൽ 52 ലക്ഷത്തിലധികം ഇന്ത്യൻ വംശജർ താമസിക്കുന്ന അമേരിക്കയിൽ, ഈ മാറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

