തിരുവനന്തപുരം: രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ അതൃപ്തി നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് തിരുവനന്തപുരത്തെ ചെന്നിത്തലയുടെ വസതിയിലെത്തി സതീശൻ അദ്ദേഹത്തെ കണ്ടത്. ഗവർണറെയും മുഖ്യമന്ത്രി പിണറായി വിജയനെയും സന്ദർശിച്ച ശേഷമാണ് നിയുക്ത മുഖ്യമന്ത്രി, മുതിർന്ന നേതാവിന്റെ അനുഗ്രഹം തേടിയെത്തിയത്. വി.ടി. ബൽറാം, അബിൻ വർക്കി തുടങ്ങിയ യുവനേതാക്കളും സതീശനൊപ്പം ചെന്നിത്തലയുടെ വീട്ടിലെത്തിയിരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. നേരത്തെ സതീശനെ കാണാൻ നിൽക്കാതെ അദ്ദേഹം വീട്ടിൽ നിന്ന് മാറിനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ചെന്നിത്തല പുതിയ നേതൃത്വത്തെ സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ ഇപ്പോഴും മൗനം തുടരുകയാണ്. മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന നിലപാടിലാണ് ചെന്നിത്തല.
നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് വിട്ടുനിന്ന് ഗുരുവായൂർ ദർശനത്തിന് പോയ ചെന്നിത്തലയുടെ നടപടി പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം വ്യക്തമാക്കുന്നതായിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് മുതിർന്ന നേതാക്കളെ ഒപ്പം നിർത്തി ഭിന്നതകൾ പരിഹരിക്കാനാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ ശ്രമം. ചെന്നിത്തലയുമായുള്ള സ്വകാര്യ സംഭാഷണത്തിന് ശേഷം ഇരുവരും മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ടുകൾ. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുന്നത് കോൺഗ്രസിന് വലിയ വെല്ലുവിളിയായി തുടരുകയാണ്.

