Sunday, June 2, 2024
spot_img

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.മുരളീധരന്‍ രംഗത്ത്; ലോകകേരളസഭ ഭൂലോക തട്ടിപ്പ്

ദില്ലി: പ്രവാസികള്‍ക്കായി ഇന്നും നാളെയുമായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്തുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്നും അത് വെറും രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്നുവെന്നും വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സിപിഎമ്മിന് പണം നല്‍കുന്നവരെ വിളിച്ചുവരുത്തിക്കൊണ്ട് വിരുന്ന് നല്‍കുന്ന പരിപാടിയാക്കി സര്‍ക്കാര്‍ അതിനെ മാറ്റിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

ലോക കേരളസഭയില്‍ പങ്കെടുത്തവരുടെ പശ്ചാത്തലം പോലും ആര്‍ക്കും അറിയില്ല. കേരള സര്‍ക്കാരിന്റെ സമീപനം പാര്‍ലമെന്ററി സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന തരത്തിലുള്ള സമീപനമാണ്. ലോക കേരളസഭയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ഒരു കൂടിയാലോചനകളും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടില്ല.

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ഒരു സര്‍ക്കാര്‍ ആയതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. പരിപാടി സംഘടിപ്പിക്കുന്നത് സംബന്ധിച്ച് തനിക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഒരു കത്ത് ലഭിച്ചിരുന്നു, സ്പീക്കര്‍ ഫോണ്‍ വിളിക്കുകയും ചെയ്തു. അത്രമാത്രം. കേന്ദ്രമന്ത്രി പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള അധികാരം കേരള സര്‍ക്കാരിനുണ്ട്. എന്നാല്‍ പ്രമേയം പാസാക്കുന്നതിനായി 140 എംഎല്‍എമാരെ വിളിച്ചുവരുത്തി കേരളത്തിലെ ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് എങ്ങനെ ന്യായീകരിക്കുന്നു എന്നതാണ് എന്റെ ചോദ്യം. പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെക്കുറിച്ച് വി. മുരളീധരന്‍ പറഞ്ഞു.

Related Articles

Latest Articles