Friday, January 2, 2026

99-ാം പിറന്നാള്‍ നിറവിൽ വി എസ്: എന്തും മടിയില്ലാതെ തുറന്ന് പറയുന്ന നേതാവ്! നൂറാം വയസിലേക്ക് കടക്കുന്നത് രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഎമ്മിന്റെ സ്ഥാപകനേതാവും

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഇന്ന് 99 വയസ്സ്. മൂന്നു വര്‍ഷമായി തിരുവനന്തപുരത്ത് മകന്റെ വീട്ടില്‍ വിശ്രമത്തിലാണ് വിഎസ്. പുന്നപ്ര പറവൂരില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് തുലാത്തിലെ അനിഴം നക്ഷത്രത്തിലാണ് അച്യുതാനന്ദന്റെ ജനനം.

സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. ഒന്നാം പിണറായി സര്‍ക്കാരിലെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഒഴിയുകയായിരുന്നു. നൂറാം വയസ്സിലേക്കു കടക്കുന്ന തല മുതിര്‍ന്ന നേതാവിനു പിറന്നാള്‍ ആശംസിക്കാന്‍ പ്രമുഖരെത്തുമെന്നാണു പ്രതീക്ഷ.

ജീവിക്കാനായി ആസ്പിന്‍വാള്‍ കമ്പനിയില്‍ പട്ടാളടെന്റ് തുന്നുമ്പോഴും പാവപ്പെട്ട തൊഴിലാളികളുടെ ഇഴയടുക്കാത്ത ജീവിതങ്ങളായിരുന്നു ആ മനസ്സില്‍. അങ്ങനെ, 17-ാംവയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. സ്വാതന്ത്ര്യസമരം തിളച്ചുമറിഞ്ഞ കാലത്തുതുടങ്ങിയ 82 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ക്കൊപ്പം തളര്‍ച്ചകളും. ഇപ്പോഴും സംസ്ഥാന സമിതിയില്‍ ക്ഷണിതാവ്.

മൂന്നുതവണ പ്രതിപക്ഷനേതാവ്. മൂന്നുതവണ പാര്‍ട്ടി സെക്രട്ടറി. ഒരുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രി. അതിനപ്പുറം കേരളത്തിന്റെ മണ്ണിന്റെയും മനസ്സിന്റെയും രാഷ്ട്രീയ ജാഗ്രതയുടെ കാവല്‍ക്കാരന്‍. പരിസ്ഥിതിയുടെ കാവലാള്‍. കൈയേറ്റങ്ങള്‍ തടയാന്‍ കാടും മലയും കയറിയ പോരാളി. ഉള്‍പ്പാര്‍ട്ടിയുദ്ധത്തിലെ ശൗര്യമുള്ള യോദ്ധാവ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ മനസ്സിന്റെ നേതാവ്.

നാലുവര്‍ഷംമുമ്പ് ഇതുപോലൊരു ഒക്ടോബറില്‍ പക്ഷാഘാതംവന്ന് വിശ്രമത്തിലേക്ക് വഴുതിവീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ നേതാവായിരുന്നു വി.എസ്. കാലത്തിനുചേര്‍ന്ന ലക്ഷ്യബോധമുള്ള രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റേത്. ചിട്ടയുള്ള ജീവിതവും.

തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ. അരുണ്‍കുമാറിന്റെ ‘വേലിക്കകത്ത്’ വീട്ടിലാണ് അദ്ദേഹമിപ്പോള്‍. 99-ാം പിറന്നാളിന് വലിയ ആഘോഷത്തിന് അവസരമില്ല. മക്കളും പേരക്കുട്ടികളും ഒത്തുചേരും. സന്ദര്‍ശകരില്ല. പക്ഷേ, പുറത്ത് ആഘോഷമുണ്ട്.

പുറത്തും അകത്തും പ്രതികരണങ്ങളുടെ ആശാനായിരുന്ന വിഎസ് വല്ലപ്പോഴും ഇതുപോലെ മൗനിയും ആയിട്ടുണ്ട്. പലരും വിചാരിച്ചതോ പ്രവചിച്ചതോ പോലെ, പുറത്തേക്കല്ല വിഎസ് ഒരു കാലത്തും നടന്നത്. ലാവ്ലിന്‍ പോരാട്ടത്തിന്റെ മൂര്‍ധന്യത്തിലാണ് പൊളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ കെ.കെ.രമയെ ആശ്വസിപ്പിക്കാനുള്ള യാത്രയില്‍നിന്ന് അദ്ദേഹത്തെ തടയാന്‍ കഴിഞ്ഞില്ല. ഈ കുറ്റപത്രങ്ങള്‍ക്കെല്ലാം ഒടുവിലാണ് ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുന്നതിന്റെ തലേന്ന് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അച്യുതാനന്ദന് ‘പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥ’ ഉണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തുറന്നടിച്ചത്.

സിപിഎമ്മില്‍നിന്നു പുറത്തു പോകാന്‍ വിഎസ് ഒരു കാലത്തും സന്നദ്ധനായിരുന്നില്ല. കാരണം, ഇതു താനും കൂടി ഉണ്ടാക്കിയ പാര്‍ട്ടിയാണ് എന്ന് 1964 ലെ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളില്‍ ഒരാളായ അച്യുതാനന്ദന്‍ വിചാരിച്ചിരുന്നു. രണ്ടാമത്, തന്നെ അങ്ങനെയൊന്നും തൊടാന്‍ പാര്‍ട്ടിക്കു കഴിയില്ലെന്ന ഉറച്ച വിശ്വാസവും വിഎസിന് ഉണ്ടായിരുന്നു.

പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പരസ്യപ്രസ്താവനയിറക്കിയതിലൂടെ 2007 മെയ് 26ന് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കി. തല്‍ക്കാലത്തേക്കുള്ള നടപടി മാത്രമായിരുന്നു അത്. അപ്പോഴും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി. 2009 ജൂലൈ 12 ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യുകയുണ്ടായി.

Related Articles

Latest Articles