Thursday, April 25, 2024
spot_img

പിടി വിടാതെ കോടതി , ശിവൻകുട്ടിക്ക് രാജിവെക്കേണ്ടി വരും | V SHIVANKUTTY

പിടി വിടാതെ കോടതി , ശിവൻകുട്ടിക്ക് രാജിവെക്കേണ്ടി വരും | V SHIVANKUTTY

കേരളാ രാഷ്ട്രീയത്തിലെ തന്നെ നാണംകെട്ട സംഭവങ്ങളിലൊന്നായിരുന്നു 2015ല്‍ നിയമസഭയില്‍ അരങ്ങേറിയത്.
അന്നത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയും ബാര്‍ കോഴ കേസില്‍ ആരോപണവിധേയനുമായ കെ എം മാണിയുടെ ബജറ്റ് അവതരണവേളയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം നിയമസഭയെ ഒരു യുദ്ധക്കളമാക്കി മാറ്റുകയായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ പ്രതിപക്ഷം ഇന്നത്തെ ഭരണപക്ഷമാണ്. കെ എം മാണിയുടെ പാര്‍ട്ടിയും മകനും അണികളും ഇന്ന് ഇടതുപക്ഷത്തിനൊപ്പമാണ്. അന്നത്തെ കേസിലെ പ്രതിയായ ശിവന്‍കുട്ടി ഇന്ന് മന്ത്രിയാണ്.

പിണറായിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ശ്രമിച്ചത് ഈ കേസ് തേച്ചുമാച്ചു കളയാനാണ്. സുപ്രീം കോടതി വരെ ഇതിനായുള്ള നിയമപോരാട്ടം സര്‍ക്കാര്‍ നടത്തി. എന്നാല്‍ അവിടെയെല്ലാം തിരിച്ചടി നേരിട്ട സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ ശിവന്‍കുട്ടിയ്ക്കും സംഘത്തിനും ലഭിക്കാവുന്നതില്‍ പരമാവധി ശിക്ഷ വാങ്ങിനല്‍കേണ്ടത് എന്നത് വിരോധാഭാസമാണ്.

കൈയാങ്കളിക്കേസില്‍ മുഖം രക്ഷിക്കാന്‍, വിചാരണ പരമാവധി നീട്ടുകയെന്ന തന്ത്രമാവും സര്‍ക്കാ‌ര്‍ പ്രയോഗിക്കുക. എന്നാല്‍ അവിടെയും ചെറിയൊരു കുരുക്കുണ്ട്. നിയമവിദഗ്‌ദ്ധര്‍ പറയുന്നതനുസരിച്ച്‌ പ്രതികളും സാക്ഷികളും ഹാജരാകാതെ വിചാരണ നീട്ടിയാലോ, സര്‍ക്കാ‌ര്‍ വീഴ്ച വരുത്തിയാലോ ആര്‍ക്കു വേണമെങ്കിലും സുപ്രീംകോടതിയെ സമീപിക്കാനാവും.

ശക്തമായ തെളിവുകളും സാക്ഷികളുമുള്ള കേസില്‍ രണ്ട് അപകടങ്ങളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍ ശിവന്‍കുട്ടിക്കും കെ ടി ജലീലിനും ഔദ്യോഗിക സ്ഥാനങ്ങള്‍ നഷ്ടമാവാം. പുറമെ, ആറു വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയുമുണ്ടാവാം.

ശക്തമായ തെളിവുകള്‍ തന്നെയാണ് ഈ കേസിന്റെ ഏറ്റവും വലിയ ബലം. അന്നത്തെ നിയമസഭാസെക്രട്ടറി പി ഡി ശാരംഗധരനാണ് ഒന്നാംസാക്ഷി. എഫ് ഐ ആര്‍ എടുത്തതും അദ്ദേഹത്തിന്റെ പരാതിയിലാണ്. അന്നത്തെ സാമാജികരും വാച്ച്‌ ആന്‍ഡ് വാര്‍ഡും സാക്ഷികളാണ്. അന്ന് സഭയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടില്ലെന്നും, കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് വിദൂര സാദ്ധ്യത മാത്രമാണുള്ളതെന്നും സുപ്രീംകോടതിയില്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ സര്‍ക്കാ‌ര്‍ വാദിച്ചിരുന്നു.

നിയമസഭാ സെക്രട്ടേറിയറ്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍ തെളിവാകുമെന്ന് കോടതി ഉത്തരവിട്ടതോടെ, കേസിന്റെ ഭാവിയെക്കുറിച്ച്‌ സര്‍ക്കാരിനും ആശങ്കയുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ എം.എല്‍.എമാര്‍ പ്രതികളായേക്കും. അതിന് വിചാരണക്കോടതിക്ക് അധികാരമുണ്ട്. ഏത് പൗരനും ഈ ആവശ്യമുന്നയിച്ച്‌ കോടതിയെ സമീപിക്കാനുമാവും.
നവംബര്‍ 22ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം മൂന്നു മാസത്തിനകം വിചാരണ തുടങ്ങാവുന്നതേയുള്ളൂ. വിചാരണ വൈകിപ്പിക്കാനാവും സര്‍ക്കാരും പ്രതിഭാഗവും ശ്രമിക്കുക.
സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക്, മന്ത്രിക്ക് ശിക്ഷ നല്‍കാന്‍ വാദിക്കേണ്ടിവരും. പൊലീസുകാരായ വാച്ച്‌ ആന്‍ഡ് വാര്‍ഡും നിയമസഭാ ഉദ്യോഗസ്ഥരും മന്ത്രിക്കെതിരെ മൊഴി നല്‍കേണ്ടിവരും.
പൊതുമുതല്‍ നശീകരണം തടയല്‍ നിയമം -5വര്‍ഷം വരെ തടവും പിഴയും
ഐ.പി.സി 447 അതിക്രമിച്ചു കടക്കല്‍- 3മാസം തടവ്, 500രൂപ പിഴ
ഐ.പി.സി 427 പൊതുമുതല്‍ നശിപ്പിക്കല്‍- 2വര്‍ഷം തടവ്, പിഴ

Related Articles

Latest Articles