Tuesday, December 16, 2025

രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ ഉടൻ ; അനുമതി നൽകി ഡിസിജിഐ

ദില്ലി: രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ (Covid Vaccine) ഉടൻ നൽകും. കുട്ടികൾക്കുള്ള പ്രതിരോധ വാക്‌സിനായ കോവാക്‌സിൻ നൽകുന്നതിന് അനുമതി നൽകിയിരിക്കുകയാണ് ഡിസിജിഐ (DCGI). രണ്ട് മുതൽ 18 വയസ്സുവരെയുള്ളവർക്കാണ് വാക്‌സിൻ നൽകുക. കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ കോവാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്‌ക്ക് മുൻപിൽ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കുത്തിവെയ്പ്പിന് അനുമതി നൽകാൻ തീരുമാനിച്ചത്.

കേന്ദ്ര സർക്കാർ അന്തിമ അനുമതി നൽകുന്നതോടെ രാജ്യത്ത് കുത്തിവയ്പ്പ് (Vaccination) ആരംഭിക്കും. സാധാരണ ഗതിയിൽ വിദഗ്ധ സമിതിയുടെ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിക്കാറാണ് പതിവ്. കഴിഞ്ഞ ആഴ്ചയാണ് പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്‌ക്ക് മുൻപിൽ സമർപ്പിച്ചത്. കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവൻ പരീക്ഷണങ്ങളും പൂർത്തിയായതോടെയായിരുന്നു വിശദാംശങ്ങൾ സമർപ്പിച്ചത്. രാജ്യത്ത് കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് കോവാക്‌സിൻ.

Related Articles

Latest Articles