Tuesday, May 21, 2024
spot_img

വടക്കഞ്ചേരി വാഹനാപകടം: വിഷയം ഇന്ന് ഹൈക്കോടതിയിൽ

പാലക്കാട്‌: വടക്കഞ്ചേരി വാഹനാപകടം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും, പി.ജി. അജിത്കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം ഇന്ന് പരിഗണിക്കുന്നത്. നിയമവിരുദ്ധ ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും ഉള്ള വാഹനങ്ങൾക്കെതിരെ അടക്കം സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും.

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നിരത്തുകളിൽ പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞതവണ കർശനമായ നിർദേശം നൽകിയിരുന്നു. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണമെന്നും, ഡ്രൈവറുടെ ലൈസൻസ് ഉടനടി സസ്പെൻഡ് ചെയ്യണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾക്കു വേഗപ്പൂട്ടു കർശനമാക്കണമെന്നും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായ സാഹചര്യം അതീവ ഗുരുതരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്.

Related Articles

Latest Articles