Friday, May 10, 2024
spot_img

ഇത്തവണത്തെ ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിന് കൃത്തികേശ് വർമ്മയും, പൗർണ്ണമി .ജി വർമ്മയും; നറുക്കെടുപ്പ് ഒക്ടോബർ പതിനെട്ടിന്

പന്തളം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി ഈ വർഷം
പന്തളം കൊട്ടാരത്തിൽ നിന്നും കൃത്തികേശ് വർമ്മയും , പൗർണ്ണമി ജി. വർമ്മയെയും തെരഞ്ഞടുത്തു.
പന്തളം കൊട്ടാരം വലിയ തമ്പുരാൻ മകയിരം നാൾ രാഘവവർമ്മ തമ്പുരാനും കൊട്ടാരം നിർവ്വാഹക സംഘം ഭരണസമിതിയും ചേർന്നാണ് കുട്ടികളെ തിരഞ്ഞെടുത്തത്.

2011 ലെ ബഹു. സുപ്രീം കോടതിയുടെ ഉത്തരവിൻ പ്രകാരം റിട്ട: ജസ്റ്റിസ് കെ.ടി.തോമസ്സിന്റെ മീഡിയേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിദ്ദേശിക്കുന്ന കുട്ടികളെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാൻ അയക്കുന്നത്. ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ടിക്കേണ്ടവരെയാണ് തുലാം 1-ാം തിയതി (18/10/2022 ) സന്നിധാനത്തു വെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്. ശബരിമല മേൽശാന്തിയെ കൃത്തികേശ് വർമ്മയും, മാളികപ്പുറം മേൽശാന്തിയെ പൗർണ്ണമി . ജി. വർമ്മയും നറുക്കെടുക്കും.

പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ അനൂപ് വർമ്മയുടേയും എറണാകുളം മംഗള മഠത്തിൽ പാർവ്വതീ വർമ്മയുടേയും മകനാണ് കൃത്തികേശ് വർമ്മ . എറണാകുളം ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കൃത്തികേശ് . പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഡോ. ഗിരീഷ് വർമ്മയുടേയും ഇടപ്പള്ളി ലക്ഷ്മീ വിലാസത്തിൽ സരിതാ വർമ്മയുടേയും മകളാണ് പൗർണ്ണമി വർമ്മ. ദോഹയിലെദില്ലി പബ്ലിക് സ്കൂൾ 4-ാം ക്ലാസ് വിദ്യാർത്ഥിയാണ് പൗർണ്ണമി .ജി. വർമ്മ.

പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടേയും അനുഗ്രഹത്തോടെ ഒക്ടോബർ 17 ന് ഉച്ചക്ക് 12 മണിയോടെ തിരുവാഭരണ മാളിക പൂമുഖത്ത് വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്ര ദർശനത്തിനു ശേഷം സ്വീകരണങ്ങൾ ഏറ്റുവാങ്ങി രക്ഷിതാക്കളും സംഘം ഭാരവാഹികളും കൂടി ശബരിമലക്ക് യാത്ര ആരംഭിക്കും.

Related Articles

Latest Articles