തിരുവനന്തപുരം: വര്‍ക്കല കടപ്പുറത്ത് വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഇടവ സ്വദേശി മഹേഷിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് തിരുവമ്പാടി ബീച്ചിലായിരുന്നു സംഭവമുണ്ടായത്. ഫ്രാൻസ് സ്വദേശിനിയായ യുവതി വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.
ഉടനെ അടുത്തുള്ള റസ്റ്റോറന്റിലേക്കുകയറിയ യുവതി അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവച്ചു. തനിക്കും ഇത്തരത്തിൽ ദുരനുഭവം ഉണ്ടായതായി സുഹൃത്തായ യുകെ സ്വദേശിനിയും പറഞ്ഞു. ഇരുവരും വർക്കല പോലീസിൽ പരാതി നൽകി. ലോക്ഡൗണിന് ശേഷം ആറുമാസമായി വര്‍ക്കലയില്‍ ഹോംസ്റ്റേയില്‍ താമസിക്കുന്നവരാണ് അതിക്രമത്തിനിരയായത്. ഇവരുടെ സുഹൃത്തായ മുബൈ സ്വദേശിനിക്കും സമാന അനുഭവമുണ്ടായതായി യുവതികൾ പറയുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്നൊക്കെ കേട്ടറിഞ്ഞു വന്ന വിദേശ സഞ്ചാരികൾക്ക് നേരെ ഇത്തരത്തിൽ അതിക്രമങ്ങൾ നടക്കുന്നത് മലയാള നാടിനൊന്നാകെ അപമാനകരമാണ് . കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ ഏജീസ് ജീവനക്കാരായ സ്ത്രീകളുടെ നേരെയും സമാന അതിക്രമങ്ങൾ നടന്നിരുന്നു . അക്രമികളിൽ ചിലരെ ഇന്ന് അറസ്റ്റ് ചെയ്തു .

