തിരുവനന്തപുരം : വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിച്ച് വിദേശ വനിത. അമേരിക്കൻ പൗരയായ ശിവ റേയാണ് ചെണ്ടമേളത്തിൽ പൗർണ്ണമിക്കാവിലെ ശ്രീകോവിലിന് മുന്നിൽ അരങ്ങേറ്റം നടത്തിയത്. പൗർണ്ണമിക്കാവിനെക്കുറിച്ചും കുലദേവതകളെക്കുറിച്ചും ആയ് രാജവംശത്തെക്കുറിച്ചും ദ്രാവിഡ സംസ്കാരത്തിൽ അധിഷ്ഠിതമായ ആചാരങ്ങളെക്കുറിച്ചും ഗവേഷണം നടത്തുകയാണ് ശിവ റേ.
നാഗരാജാവിന് മുന്നിൽ കൃഷ്ണശിലയിൽ കൊത്തിയ നാഗവിഗ്രഹം സമർപ്പിച്ചതിന് ശേഷമാണ് ശിവ റേ ചെണ്ടമേളം കൊട്ടിക്കയറിയത്.
സാധാരണ പൗർണ്ണമിയിലാണ് അരങ്ങേറ്റങ്ങൾ നടക്കാറുള്ളത്.നവരാത്രി മുതൽ പൗർണ്ണമിക്കാവിൽ ഉണ്ടായിരുന്ന ശിവ റേക്ക് വിസസംബന്ധമായി അമേരിക്കയിലേക്ക് തിരികെ പോകാനുള്ളത് കൊണ്ടാണ് ദേവ വിധി പ്രകാരം അഭിഷേകത്തിനായി തുറന്നപ്പോൾ അരങ്ങേറ്റത്തിന് വേദിയൊരുക്കിയത്.
ഗുരുകൃപ കളരി സംഘത്തിലെ പ്രസൂദിന്റെ ശിഷ്യയായാണ് ശിവ റേ ചെണ്ടമേളം അഭ്യസിച്ചത്.സി വി എൻ കളരി സംഘത്തിലെ മുഖ്യ ആചാര്യനും ശിവറേയെ ആശിർവദിക്കാൻ എത്തിയിരുന്നു.ശിവരാത്രിയിൽ ജനിച്ചത് കൊണ്ടാണ് ഭാരതീയ ആചാരങ്ങളെ ഇഷ്ടപ്പെട്ടിരുന്ന പിതാവ് മകൾക്ക് ശിവ റേ എന്ന പേരിട്ടത്.പഞ്ചലോഹത്തിൽ തയ്യാറാക്കിയ മേരുവും പൂജകൾക്ക് ശേഷം ശിവ റേ കൊണ്ടുപോയി.ഇനി വരുമ്പോൾ ഇരുന്നൂറോളം അമേരിക്കക്കാരും കൂടെ ഉണ്ടാകുമെന്നാണ് ശിവ റേ ക്ഷേത്രം ഭാരവാഹികളോട് അറിയിച്ചത്.

