Saturday, April 27, 2024
spot_img

ഭാരതത്തിന്റെ വാർ ഹീറോയും, ആദ്യ ഫീൽഡ് മാർഷലുമായ സാം മനേക്ഷയുടെ ജീവിതം അഭ്രപാളികളിലേയ്ക്ക്; വിക്കി കൗശൽ ചിത്രമായ ‘സാം ബഹാദൂറിന്റെ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഡിസംബർ ഒന്നിന് തീയറ്ററുകളിലെത്തും.

ഭാരതത്തിന്റെ വാർ ഹീറോയും, ആദ്യ ഫീൽഡ് മാർഷലുമായ, സാം മനേക്ഷായുടെ ജീവിതം അഭ്രപാളികളിൽ എത്തിക്കുന്ന ബോളിവുഡ് ചിത്രം സാം ബഹാദൂർ ഡിസംബർ ഒന്നിന് തീയറ്ററുകളിലെത്തും. ചിത്രത്തിൽ വിക്കി കൗശൽ മനേക്ഷായെയും, ഫാത്തിമ സനാ ഷെയ്ഖ് മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും അവതരിപ്പിക്കും. മേഘ്‌നാ ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാനിയ മൽഹോത്രയാണ് സാം മനേക്ഷായുടെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ പദവിയിലെത്തുന്ന ആദ്യ ഉദ്യോഗസ്ഥനായിരുന്നു സാം മനേക്ഷാ. . നൈനിത്താളിലെ ഷർവുഡ് കോളേജിലും ഡെറാഡൂനിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ക്യൂറ്റായിലെ മിലിട്ടറി സ്റ്റാഫ് കോളേജിലുമായിരുന്നു പഠനം. പട്ടാളക്കാരുടെ പട്ടാളക്കാരനെന്നും ബംഗ്ലാദേശിന്റെ വിമോചകനെന്നും അറിയപ്പെടുന്ന മനേക്ഷാ 1934 ഫെബ്രുവരിയിലാണ് സൈന്യത്തിൽ ചേർന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. മിലിട്ടറി സ്റ്റാഫ് കോളേജ് ഡയറക്ടർ, ബ്രിഗേഡിയർ, മേജർ, ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. 1969-ൽ മനേക് ഷാ കരസേനാധിപനായി. 1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ അദ്ദേഹം പ്രമുഖമായ പങ്ക്‌ വഹിച്ചു. ഇന്ത്യയുടെ പ്രഥമ ഫീൽഡ് മാർഷലായ മനേക് ഷായ്ക്ക്‌ 1968-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽ പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌.

ഭവാനി അയ്യർ, ശന്തനു ശ്രീവാസ്തവ, മേഘ്ന ഗുൽസാർ തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ആർ എസ് വി പി മൂവീസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Related Articles

Latest Articles