Sunday, October 4, 2026

രാജസ്ഥാനിലെ കടുവ സങ്കേതത്തില്‍ വന്‍ തീപിടിത്തം; 10 ചതുരശ്ര കിലോമീറ്റര്‍ കത്തിയമര്‍ന്നു; കടുവകളുടെ കാര്യത്തിൽ ആശങ്ക

ജയ്പുര്‍: രാജസ്ഥാനിലെ അൽവാർ ജില്ലയിലെ സരിസ്‌ക കടുവ സങ്കേതത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഉണ്ടായ തീപിടിത്തം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിച്ചതായി റിപ്പോർട്ട്. വനമേഖലയില്‍ ഉണ്ടായ തീപിടുത്തം ഇതിനകം തന്നെ 10 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനകം കത്തിയമർന്നത് 1800 ഫുട്ബോൾ മൈതാനങ്ങളോളം വലപ്പമുള്ള പ്രദേശങ്ങളാണ്. തീപിടിത്തം പ്രദേശത്തെ കടുവകളുടെ സഞ്ചാരത്തെ ബാധിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സരിസ്‌ക കടുവ സങ്കേതത്തില്‍ ഇരുപതിലധികം കടുവകളുണ്ട്. എന്നാൽ 24 മണിക്കൂറിലേറെയായിട്ടും തീ അണയ്ക്കാനോ തീ പടരുന്നതു തടയാനോ കഴിഞ്ഞിട്ടില്ല.

അതേസമയം എസ്‌ടി–17 എന്ന കടുവയുടെയും രണ്ട് കടുവകുട്ടികളുടെയും ആവാസകേന്ദ്രത്തെയാണ് തീപിടിത്തം കൂടുതലായി ബാധിച്ചിട്ടുള്ളത്. ഇതേതുടർന്ന് കടുവയുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അധികൃതർ പറയുന്നതായാണ് റിപ്പോർട്ട്.

വനപാലകരും ഫയര്‍ഫോഴ്‌സും ഉള്‍പ്പടെ 200ല്‍ അധികം ആളുകള്‍ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തമുണ്ടായ പ്രദേശത്തിന്റെ ചുറ്റളവിൽ താമസിക്കുന്ന ഗ്രാമീണരോട് സുരക്ഷിത സ്ഥാനത്തേക്കു മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൈന്യത്തിന്റെ നാല് ഹെലികോപ്റ്ററുകള്‍ തീയണയ്ക്കാന്‍ സ്ഥലത്തുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Latest Articles