Tuesday, December 16, 2025

കേരളത്തിലെത്തിയ വിജയ് ബാബു ഭാര്യയോടൊപ്പം നേരെ പോയത് ക്ഷേത്രസന്ദർശനത്തിന്; കോടതിയിൽ പൂർണ്ണ വിശ്വാസമെന്നും താരം

കൊച്ചിയിൽ യുവനടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു 39 ദിവസങ്ങൾക്ക് ശേഷം ഇന്ന് കൊച്ചിയിലെത്തി. നടി പരാതി നൽകിയത് മുൻകൂട്ടി അറിഞ്ഞ് ഇയാൾ വിദേശത്തേക്ക്കടക്കുകയായിരുന്നു. ഇന്ന് രാവിലെ 9ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിൽ എത്തിയ ശേഷം വിജയ് ബാബു നേരെ പോയത് ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്ര സന്ദര്‍ശനത്തിനുവേണ്ടിയായിരുന്നു. ഭാര്യ സ്മിതയും ക്ഷേത്ര ദർശന സമയത്ത് ഒപ്പം ഉണ്ടായിരുന്നു.

കോടതിയിൽ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സത്യം തെളിയുമെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും എയര്‍പോര്‍ട്ടിൽ വെച്ച് വിജയ് ബാബു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

കേസിൽ താരത്തിന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ 39 ദിവസങ്ങൾക്ക് ശേഷമാണ് ജോര്‍ജിയയിൽ നിന്ന് കൊച്ചിയിൽ താരമെത്തിയത്. ഇന്ന് സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നും സൂചനയുണ്ട്. അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശമുള്ളതിനാൽ ഇയാളെ ചോദ്യം ചെയ്ത് വിട്ടയക്കും എന്നാണ് അറിയാൻ കഴിയുന്നത്.

 

Related Articles

Latest Articles