Saturday, October 3, 2026

വിജയ് ഹസാരെ ട്രോഫി; പടിക്കൽ കലമുടച്ച് കേരളം; സര്‍വിസസിനോട് തോറ്റ് ക്വാര്‍ട്ടറില്‍ പുറത്ത്

ജ​യ്​​പു​ര്‍: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ (Vijay Hazare Trophy) ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരെ സർവീസസിന്‌ 7 വിക്കറ്റ്‌ ജയം. ഇതോടെ വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് കേരളം പുറത്തായി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 40.4 ഓവറിൽ 175 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 19.1 ഓവർ ബാക്കിനിർത്തി മൂന്നു വിക്കറ്റ് മാത്രം നഷ്‌ടത്തിൽ സർവീസസ് ‌ലക്ഷ്യത്തിലെത്തി.

കർണാടകയെ തോൽപ്പിച്ചെത്തിയ തമിഴ്നാടും ഉത്തർപ്രദേശിനെ തോൽപ്പിച്ചെത്തുന്ന ഹിമാചൽ പ്രദേശുമാണ് സെമിയിൽ കടന്ന മറ്റു ടീമുകൾ. കേരളത്തിനായി ഓപ്പണിങ്‌ ബാറ്റർ രോഹൻ എസ്‌ കുന്നുമ്മൽ നേടിയ അർധ സെഞ്ചുറിയാണ്‌ കേരളത്തിന്റെ സ്‌കോർ 150 കടത്തിയത്‌. 25 ഓവറിൽ 2 വിക്കറ്റ്‌ നഷ്‌ടത്തിൽ 105 റൺസ്‌ എന്ന നിലയിൽ നിന്ന്‌ തകർന്നടിയുകയായിരുന്നു കേരളം. 70 റൺസ്‌ കൂട്ടിച്ചേർക്കുന്നതിനിടെ 8 വിക്കറ്റുകളാണ്‌ നഷ്‌ടമായത്‌. അവസാന 14 റൺസിനിടെ അഞ്ച്‌ വിക്കറ്റുകൾ വീണു.

കേരളമുയർത്തിയ 176 റൺസിന്റെ ദുർബലമായ വിജയലക്ഷ്യം 19.1 ഓവർ ബാക്കിനിർത്തിയാണ് സർവീസസ് മറികടന്നത്. തുടക്കത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 12 റൺസെന്ന നിലയിൽ തകർന്ന സർവീസസിന്, മൂന്നാം വിക്കറ്റിൽ ഓപ്പണർ രവി ചൗഹാനും ക്യാപ്റ്റൻ രജത് പലിവാലും ചേർന്നുള്ള സെഞ്ചുറി കൂട്ടുകെട്ടാണ് വിജയം ഉറപ്പിച്ചത്.

Related Articles

Latest Articles