Sunday, June 2, 2024
spot_img

കെജിഎഫ് 2വുമായി ആദ്യദിന ഏറ്റുമുട്ടല്‍ ഒഴിവാക്കി: വിജയ് ചിത്രം ‘ബീസ്റ്റ്’ ഏപ്രിൽ 13ന്

ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിന്റെ ഒന്നാം ഭാഗം സിനിമാ ലോകത്ത് ഉണ്ടാക്കിയ ഓളം ചെറുതല്ല. മാത്രമല്ല ആദ്യഭാഗം ഹിറ്റായ പ്രതീക്ഷയില്‍ ചിത്രത്തിന്റെ എല്ലാ വാര്‍ത്തകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏപ്രിൽ 14നാണ് കെജിഎഫ് 2 റിലീസ്. യഷ് നായകനാകുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും.

അതേസമയം, ഇതേ ദിവസമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റ് റിലീസിനായി ഒരുങ്ങിയിരുന്നത്‌. എന്നാൽ ഏപ്രിൽ 14നു കെജിഎഫ് 2 റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ ഏപ്രിൽ 13നാണ് റിലീസിനെത്തുന്നത്. സൺ പിക്ചേഴ്സ് ആണ് സിനിമയുടെ റിലീസ് ഡേറ്റ് ഔദ്യോഗികമായി അറിയിച്ചത്. ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് ബീസ്റ്റ് ഒരു ദിവസം മുൻപ് എത്തുന്നതെന്നാണ് സൂചന.

വിജയുടെ 65മത് സിനിമ കൂടെയാണ് ബീസ്റ്റ്. നെല്‍സനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ആയതിനാൽ ചിത്രത്തിന്റെ അപ്ഡേഷനുകളെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. കൂടാതെ മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

എന്തായാലും ഫസ്റ്റ്ഡേ ക്ലാസ് ഒഴിവാക്കിയെങ്കിലും തമിഴ്നാട്ടില്‍ അടക്കം ഉത്സവ സീസണിലെ വാരത്തില്‍ ഇരുപടങ്ങളും തമ്മില്‍ മത്സരം ഇതോടെ ഉറപ്പായി. കേരളത്തില്‍ അടക്കം ഇരുപടങ്ങളും പ്രതീക്ഷിക്കുന്ന വലിയ പ്രക്ഷേക സമൂഹം ഉണ്ട്.

Related Articles

Latest Articles