Tuesday, December 30, 2025

വിഷുക്കണിക്ക് ഭഗവാന്‍ ശ്രീകൃഷ്ണന് ഏറെ പ്രാധാന്യം ഉണ്ടായതിന് പിന്നിലെ ഐതിഹ്യം ഇതാണ്

ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടാണ് വിഷുവും വിഷുക്കണിയുമായി ബന്ധപ്പെട്ട ആഘോഷം.

ഭൂമീദേവിയുടെ പുത്രനും അഹങ്കാരിയുമായ നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിവസമാണ് വിഷുവെന്ന് ഐതീഹ്യമുണ്ട്. രാക്ഷസ രാജാവായിരുന്ന നരകാസുരന്‍ സന്യാസിമാര്‍ മുതല്‍ നിരാലംബരായ സ്ത്രീകളെവരെ ഉപദ്രവിച്ചിരുന്നു. വരം നേടി ശക്തനായ നരകാസുരനെ തളയ്ക്കാന്‍ പലരും പഠിച്ച പണി 18 ഉം നോക്കിയിട്ട് നടന്നില്ല. അതിനിടെ 16000 രാജകുമാരിമാരെ അയാള്‍ തട്ടിക്കൊണ്ട് വന്ന് കൊട്ടാരത്തിലെ അന്തപ്പുരത്തിൽ താമസിപ്പിക്കുകയും ചെയ്തു.

അങ്ങനെ ദുഷ്ട ചെയ്തികളില്‍ അഭിരമിച്ച ഈ രാക്ഷസന്‍ ദേവേന്ദ്രനെ വെല്ലുവിളിച്ചു. പിന്നാലെ ദേവേന്ദ്രന്റെ മാതാവായ അതിഥിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെണ്‍കൊറ്റ കുടയും മോഷ്ടിച്ചു. അതോടെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പ്രശ്നത്തിലിടപെട്ടു. നാട്ടുകാരാകെ പരാതിയുമായി ഭഗവാന്റെ മുന്നിലെത്തുകയും ചെയ്തതോടെ അദ്ദേഹം നരകാസുരനുമായി യുദ്ധത്തിന് തയ്യാറായി. ഭാര്യ സത്യഭാമയ്ക്കൊപ്പം ശ്രീകൃഷ്ണന്‍ ഗരുഡവാഹനത്തില്‍ നരകാസുര രാജധാനിയായ പ്രാഗജ്യോതിഷത്തിലെത്തി.

യുദ്ധത്തിനായി നരകാസുരനെ വെല്ലുവിളിച്ചു. അസുരന്‍ തന്റെ പ്രമുഖ സേനാ നായകരെയെല്ലാം പടക്കളത്തിലിറക്കി. അവരെയെല്ലാം ഭഗവാന്‍ കാലപുരിക്ക് അയച്ചു. അങ്ങനെ ശ്രീകൃഷ്ണന്‍ ആ ക്രൂര രാക്ഷസനുമായി നേരിട്ട് യുദ്ധം ചെയ്തു. അവസാനം അവനെ ഭഗവാന്‍ വധിച്ചു. ശേഷം കൊട്ടാരത്തിലെ അന്തപ്പുരത്തിൽ തടവിലിട്ടിരുന്ന 16000 രാജകുമാരിമാരെ മോചിപ്പിക്കുകയും അവരെ കല്യാണം കഴിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. തിന്മയുടെ മേല്‍ നന്മ നേടിയ വിജയമാണ് നരകാസുരനിഗ്രഹം. അതുകൊണ്ട് വിഷുക്കണിയില്‍ ശ്രീകൃഷ്ണന് ഏറെ പ്രാധാന്യമുണ്ട്. കണിക്കൊപ്പം ഭഗവാന്റെ വിഗ്രഹമോ, ഫോട്ടോയോ വയ്ക്കുന്നതും അതുകൊണ്ടാണ്.

Related Articles

Latest Articles