Thursday, May 16, 2024
spot_img

ശബരിമല തീർത്ഥാടകർക്ക് സൗജന്യ വാഹനസൗകര്യം ഒരുക്കണമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഹർജി !സംസ്ഥാനസർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ദില്ലി : ശബരിമല തീർത്ഥാടകർക്ക് നിലയ്ക്കല്‍ – പമ്പ റൂട്ടിൽ സൗജന്യ വാഹനസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സമർപ്പിച്ച ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

നിലയ്ക്കല്‍–പമ്പ റൂട്ടിൽ നിലവിൽ കെഎസ്ആർടിസിക്ക് മാത്രമാണ് സർവീസ് നടത്താൻ അനുവാദമുള്ളത്. ഇക്കൊല്ലത്തെ തീർത്ഥാടനകാലത്ത് ഏറ്റവും കൂടുതൽ പരാതി ഉയർന്നതും കെഎസ്ആർടിസിയുടെ സർവീസിന്മേലാണ്. ആവശ്യത്തിന് ബസുകൾ എത്തിക്കാനോ ഭക്തർക്ക് സുഖകരമായ യാത്ര ഉറപ്പാക്കാനോ കെഎസ്ആർടിസിക്ക് സാധിച്ചില്ല. ഉള്ള ബസുകളിൽ ഭക്തരെ കുത്തി നിറച്ചു കൊണ്ട് പോയതിൽ അന്യസംസ്ഥാനങ്ങളിലെ ഭക്തരടക്കം ദുരിതമനുഭവിച്ചു. കടുത്ത വിമർശനമാണ് ഇക്കാര്യത്തിൽ സർക്കാരിനും കോർപ്പറേഷനും ഒരു പോലെ ലഭിച്ചത്.

കെഎസ്ആർടിസി ആവശ്യമായ സർവ്വീസുകൾ നടത്തുന്നില്ലെന്നും സർവ്വീസ് നടത്തുന്ന ബസുകൾ വൃത്തിഹീനമാണെന്നും വിഎച്ച്പിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് ചൂണ്ടിക്കാട്ടി. 20 ബസുകൾ വാടകയ്‌ക്കെടുത്ത് നിലയ്ക്കല്‍ – പമ്പ റൂട്ടിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

തുടർന്നാണ് സുപ്രീം കോടതി കേസിലെ എതിർ കക്ഷികൾക്ക് നോട്ടീസയച്ചത്. സർവീസ് പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും നിലയ്ക്കലിൽ നിന്നും പമ്പയിൽ നിന്നും അല്ലാതെ ഇടയ്ക്കുള്ള സ്ഥലങ്ങളിൽനിന്ന് തീർത്ഥാടകരെ കയറ്റുകയോ ഇറക്കുകയോ ഇല്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ വിശ്വഹിന്ദു പരിഷത്തിനോട് സുപ്രീം കോടതി നിർദേശിച്ചു.

Related Articles

Latest Articles