Wednesday, May 15, 2024
spot_img

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യഹർജി ഹൈക്കോടതിയിൽ; ഇനിയും റിമാൻഡിൽ തുടരേണ്ട ആവശ്യമില്ലെന്ന് പ്രതിഭാഗം

കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നു. 105 ദിവസമായി റിമാൻഡിലാണെന്നും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സ്ഥിതിക്ക് ഇനി ജാമ്യം നൽകണമെന്നുമാണ് കിരൺ കുമാറിൻ്റെ ആവശ്യം. മോട്ടോർ വാഹന വകുപ്പിലെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും ഇനിയും കിരൺ കുമാറിന് ജാമ്യം നിഷേധിക്കേണ്ട കാര്യമില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

മരിച്ച വിസ്മയ ടിക് ടോക്, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ സമൂഹമാധ്യമങ്ങൾക്ക് അടിമയായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചതും, ഫോൺ വാങ്ങിച്ചുവച്ചതും വിസ്മയ പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് പ്രതിയുടെ വാദം.

കിരണിനെതിരെ മൊഴികളും രേഖാമൂലമുള്ള തെളിവുകളുമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ വാദം.

സ്ത്രീധന പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് കുരുക്കായത് വാട്ട്സ്ആപ്പ് വഴി വിസ്മയ നടത്തിയ ചാറ്റുകളാണ്. പ്രതി കിരണ്‍ നിരന്തരം വിസ്മയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിന്‍റെ സാക്ഷ്യമാണ് പൊലീസ് കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍. പ്രതി കിരണിന്‍റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്നും വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ വർഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

Related Articles

Latest Articles