Sunday, January 11, 2026

വിസ്മയകേസ്‌: കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി; സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണാ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ തെളിഞ്ഞു; കിരണിന്റെ ജാമ്യവും റദ്ദാക്കി, ശിക്ഷാവിധി നാളെ

കൊല്ലം: കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്‌ത വിസ്മയ കേസിൽ കോടതി വിധി പറഞ്ഞു. കേസിൽ കോടതി ഭർത്താവ് കിരൺ കുമാറിനെ കുറ്റക്കാരനായി വിധിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. കേസിൽ ശിക്ഷ നാളെ വിധിക്കും. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കിയാണ് വിധി പറഞ്ഞത്. പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.

സ്ത്രീധന പീഡനം ആത്മഹത്യാ പ്രേരണ കുറ്റം തുടങ്ങിയ കേസുകൾ തെളിഞ്ഞു. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്.

2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ വിധി പറഞ്ഞത്.

Related Articles

Latest Articles