തിങ്കളാഴ്ച പുലര്‍ച്ചെയാണ് കിരൺകുമാറിന്റെ ഭാര്യയും നിലമേൽ സ്വദേശിയുമായ വിസ്മയയെ ശാസ്താംകോട്ടയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത ലോകമറിഞ്ഞത്.സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് കിരണിന്റെ നിരന്തര ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തത്. ഇപ്പോഴിതാ കൈതോട് സ്വദേശിനി എസ്.വി. വിസ്മയ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മലയാള സിനിമാ താരങ്ങൾ രംഗത്ത്.
കേരളത്തെ തന്നെ ചൂണ്ടുവിരലിൽ നിർത്തുന്ന ഈ സംഭവത്തിൽ സ്ത്രീധനം സംബന്ധിച്ചും, ഭർതൃപീഡനം സംബന്ധിച്ചും വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. അതിനിടയിലാണ് സിനിമാ താരങ്ങളും പ്രതികരണവുമായി മുന്നോട്ട് വരുന്നത്. ഗായിക സിത്താര കൃഷ്ണകുമാർ, നടൻ ജയറാം, നടിമാരായ അഹാന കൃഷ്ണ, ശാലിൻ സോയ, എന്നിവരാണ് സമൂഹ മാധ്യമങ്ങളിലൂടെ സംഭവത്തിൽ പ്രതികരിച്ചത്.
“ഇന്ന് നീ.. നാളെ എന്റെ മകൾ..” എന്നാണ് വിസ്മയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ജയറാം ഫേസ്ബുക്കിൽ കുറിച്ചത്.
പലപ്പോഴും സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായങ്ങൾ വ്യക്തമായി നൽകുന്ന നടിയാണ് അഹാന. താരത്തിന്റെ പോസ്റ്റും വൈറലാകുകയാണ്. “ജീവിതത്തിൽ നേടാൻ കഴിയാതിരുന്ന സമാധാനം ഇപ്പോഴെങ്കിലും വിസ്മയക്ക് ലഭിച്ചെന്ന് താൻ കരുതുന്നു എന്നാണ് അഹാന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞത്. “വിസ്മയ നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു… എന്തായാലും അത് നിനക്ക് നിന്റെ വിവാഹത്തില്‍ നിന്ന് ലഭിച്ചില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോകണമെന്ന് നീ തീരുമാനിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹികുന്നു. ഇനി സമാധാനത്തോടെ നീ ഉറങ്ങൂ….സ്ത്രീധനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചർച്ച ചെയ്യുകയും വേണം, അപലപിക്കണം, ഇതിനൊരു അവസാനം വേണം, സ്ത്രീധനമെന്ന സമൂഹത്തിലേ വൈറസിനെ തുടച്ചു നീക്കണ”മെന്നും അഹാന കൂട്ടിച്ചേർത്തു.
View this post on Instagram
മാതാപിതാക്കൾക്കുള്ള ഒരു മുന്നറിയിപ്പ് പോലെയാണ് സിത്താര കൃഷ്ണ കുമാർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പെൺകുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിക്കൂ, യാത്ര ചെയ്യാൻ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വർണവും പണവും ചേർത്ത് കൊടുത്തയക്കൽ തെറ്റാണെന്ന് എത്ര തവണ പറയണം!! പ്രിയപ്പെട്ട പെൺകുട്ടികളെ…. കല്യാണത്തിനായി സ്വർണം വാങ്ങില്ലെന്ന് നിങ്ങൾ ഉറപ്പിച്ചു പറയൂ , സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും,പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ!!! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം!! എന്നാണ് സിത്താര ഫേസ്ബുക്കിലൂടെ കുറിച്ചത്.
വിവാഹത്തെ വെറുമൊരു ചടങ്ങായി കാണരുതെന്നാണ് ശാലിൻ ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചത്. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പ്രണയിക്കുകയും, വിവാഹം കഴിക്കുകയും ചെയ്യാൻ ശാലിൻ പറയുന്നു. വിവാഹം ചെയ്യുന്നത് ഒരു കൂട്ടിനു വേണ്ടിയായിരിക്കണമെന്നും സാമ്പത്തിക ആശ്രയത്തിനു വേണ്ടിയാവരുതെന്നും ശാലിൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

