Wednesday, November 25, 2026

‘മകള്‍ക്ക് നീതി കിട്ടി, ഇനി പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു’; ‘പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയിട്ടേ കല്യാണം കഴിപ്പിക്കാവൂ,’ വിസ്മയയുടെ അമ്മ

കൊല്ലം: വിസ്മയ കേസിൽ മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിതയും. വിധിയില്‍ സന്തോഷമുണ്ടെന്നും ഇനി ഒരാൾക്കും ഈ ഗതി വരരുതെന്നും ഈ വിധി അതിന് ഉപകരിക്കട്ടെ എന്നും വിസ്മയുടെ മാതാപിതാക്കൾ പറഞ്ഞു. കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും വിസ്മയയുടെ അമ്മ കൂട്ടിച്ചേർത്തു. നിരവധി പേരുടെ പ്രാര്‍ത്ഥനയുടെ ഫലമാണിതെന്ന് സഹോദരന്‍ വിജിത്ത് വിധിയോട് പ്രതികരിച്ചു.

പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയിട്ടേ കല്യാണം കഴിപ്പിക്കാവൂ എന്നാണ് സമൂഹത്തോട് പറയാനുള്ളതെന്നും വിസ്മയയുടെ മാതാവ് വ്യക്തമാക്കി.

നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്നാണ് കോടതി വിധിച്ചത്. കേസിൽ ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ 5 പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.

2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ വിധി പറഞ്ഞത്.

Related Articles

Latest Articles