Thursday, May 2, 2024
spot_img

വിയ്യൂർ ജയിലിലെ അക്രമം; ടി.പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി

തൃശ്ശൂര്‍ : ടി.പി വധക്കേസ് പ്രതി കൊടി സുനിയെ മലപ്പുറം തവനൂര്‍ ജയിലിലേക്ക് മാറ്റി. നേരത്തെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ പാർപ്പിച്ചിരുന്ന കൊടി സുനി ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഘർഷത്തിൽ ജയിൽ ഉദ്യോഗസ്ഥരെ അക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വിയ്യൂരിൽ നിന്ന് ഇന്ന് രാവിലെയാണ് സുനിയെ തവനൂരിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജിയുടെ കീഴിലാണ് തവനൂര്‍ ജയില്‍.

വിയ്യൂരിൽ രണ്ടുസംഘങ്ങളായി നടത്തിയ ഏറ്റുമുട്ടലിൽ സുനിക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തിൽ സുനിയടക്കം പത്തു തടവുകാരുടെ പേരില്‍ വിയ്യൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജയില്‍ ജീവനക്കാരെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് വിയ്യൂര്‍ പോലീസ് കേസെടുത്തത്. കേസിൽ കൊടി സുനി അഞ്ചാം പ്രതിയാണ്. കൊടി സുനിയുടെ സുഹൃത്തായ രഞ്ജിത്താണ് ഒന്നാം പ്രതി. സാജു, മിബുരാജ്, അരുണ്‍, താജുദ്ദീന്‍, ചിഞ്ചു മാത്യു, ജറോം, ഷഫീഖ്, ജോമോന്‍ എന്നിരാണ് മറ്റു പ്രതികള്‍. പ്രതികള്‍ ജയിലില്‍ കലാപത്തിന് ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു. വാക്കുതർക്കത്തിനു പിന്നാലെ കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുകാരുടെ സംഘം ജയിൽ ഓഫിസിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കമ്പിയടക്കമുള്ള മാരക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. തടവുകാർ ഓഫീസിലെ ഫർണിച്ചറുകൾ തല്ലിത്തകർത്തു. തുടർന്ന് ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർ കൂടി സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ജയിലിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.

വിയ്യൂർ ജയിലിനുള്ളിൽ തനിക്കു വധഭീഷണിയുണ്ടെന്നു പറഞ്ഞ് സുനി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇത് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള അടവാണെന്നാണ് കരുതുന്നത്. നേരത്തെ മൊബൈൽ ഫോണുമായി പിടിക്കപ്പെട്ടതോടെ വിയ്യൂരിൽ കൊടി സുനിക്കു മേൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ടിപി വധക്കേസിലെ മറ്റു പ്രതികൾക്കെല്ലാം കോവിഡ് കാലത്തു പ്രത്യേക പരോൾ ലഭിച്ചപ്പോൾ സുനിക്ക് പരോൾ നൽകിയിരുന്നില്ല.

Related Articles

Latest Articles