Monday, May 20, 2024
spot_img

വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ: ആശങ്ക വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമല്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണമുന്നയിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന് പിറകെയാണ് വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതെന്നും ക്രമക്കേടുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

എന്നാല്‍ പ്രതിപക്ഷ ആരോപങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കവേണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സൈന്യത്തിന്റെ സാന്നിധ്യത്തിലാണ് പോളിംഗ് ബൂത്തുകളില്‍ നിന്ന് യന്ത്രങ്ങള്‍ മാറ്റിയത് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നതും കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയില്‍ നിന്നുള്ള വിദഗ്ധര്‍ നല്‍കിയ ഹര്‍ജ്ജി സുപ്രീം കോടതി തള്ളി.

Related Articles

Latest Articles