മലപ്പുറം : കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും. അമിത വേഗതയാണോ അതോ ടയർ പൊട്ടിയതുപോലുള്ള സാങ്കേതിക തകരാറുകളാണോ അപകടത്തിന് വഴിവെച്ചതെന്ന് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വിഷ്ണുവാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് യാത്രക്കാരടക്കം നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇറക്കവും വളവുമുള്ള റോഡിൽ അമിത വേഗതയിലെത്തിയ ബസ് മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ്സിന്റെ ടയറുകൾ ഊരിത്തെറിക്കുകയും, തുടർന്ന് കരണം മറിഞ്ഞ് വലതുവശത്തെ മറു ഡിവൈഡറിന് മുകളിലേക്ക് വീഴുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച അപകടത്തിൽപ്പെട്ട് നിർത്തിയിട്ടിരുന്ന ഒരു കാറിന് മുകളിലേക്കാണ് ബസ് പതിച്ചത്. അപകടം നടന്ന ഉടൻ തന്നെ ബസ്സിന്റെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡിലേക്ക് ഒഴുകിയത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും നാട്ടുകാരും ഫയർഫോഴ്സും ചേർന്നുള്ള സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടമേഖലയായി മാറിക്കൊണ്ടിരിക്കുന്ന ഈ ഭാഗത്ത് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു.

