Tuesday, May 14, 2024
spot_img

വെള്ളത്തിൽ മുങ്ങി പെരിയാർ തീരം: ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാറിൽ ഒന്നൊഴികെ എല്ലാ ഷട്ടറും അടച്ചു

ചെറുതോണി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ ഒഴികെ ബാക്കിയെല്ലാം തമിഴ്നാട് അടച്ചു. പുലർച്ചെ രണ്ടരയോടെയാണ് ബാക്കി എല്ലാം അടച്ചത്. ഒരു ഷട്ടറിന്റെ 10 സെന്റിമീറ്റർ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടറുകൾ അടച്ചത്.

അതേസമയം നിലവിൽ ജലനിരപ്പ് 141.85 അടിയാണ്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റിൽ 3906 ഘനയടി വെള്ളമാണ് ഇപ്പോൾ തുറന്നുവിടുന്നത്. പെരിയാർ കടുവ സാങ്കേതത്തിലെ നെല്ലിക്കാം പെട്ടി ഭാഗത്തെ തീവ്ര മഴയാണ് നീരൊഴുക്ക് വൻതോതിൽ കൂടാൻ കാരണമായത്.

112 മില്ലിമീറ്റർ മഴയാണ് ഇന്നലെ അവിടെ പെയ്തത്. മുല്ലപ്പെരിയാറിൽ നിന്ന് ഒഴുക്കിയത് ഈ സീസണിലെ ഏറ്റവും കൂടുതൽ അളവ് വെള്ളമാണ്. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് ന​ഗർ, നല്ല തമ്പി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറി. ക്യാമ്പുകൾ ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു.

രാവിലെ ആറ് മണിയോടെ ഇടുക്കി അണക്കെട്ട് (Idukki dam) തുറന്നു. 40 സെന്റിമീറ്റർ ഷട്ടർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം ആണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂന്നാം നമ്പര്‍ ഷട്ടറാണ് ഉയര്‍ത്തിയത്. ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ 150 സെ.മീ വരെ ഉയർത്തി 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലമാണ് പുറത്തേക്കൊഴുക്കി വിടുന്നത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. തിങ്കളാഴ്ച ഒരു ദിവസം കൊണ്ട് ജലനിരപ്പിൽ 0.24 അടിയുടെ വർദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്.

മാത്രമല്ല മുല്ലപ്പെരിയാർ ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഒമ്പത് ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇതോടെയാണ് ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നത്. ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റി മീറ്റര്‍ മുതല്‍ 150 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും.

കൂടാതെ മുല്ലപ്പെരിയാറിൻറെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമായി. പലരെയും രാത്രിയിൽ മാറ്റപ്പാർപ്പിക്കേണ്ടിവന്നു. തമിഴ് നാടിൻറെ ഈ നടപടിക്കെതിരെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചിരുന്നു. എന്നാൽ തമിഴ്നാട് സർക്കാരിനോട് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കരുതെന്ന് പല തവണ ആവശ്യപ്പെട്ടതാണ്. എന്നിട്ടും ഇക്കാര്യത്തിൽ നിസാരമായ സമീപനമാണ് തമിഴ്നാടിൻറെ ഭാഗത്തുനിന്നുണ്ടായത്. ഇത് ജനാധിപത്യ സംസ്‌കാരത്തിനും സാമൂഹ്യ നീതിക്കും നിരക്കുന്നതല്ലെന്നാണ് റോസി അഗസ്റ്റിൻ പ്രതികരിച്ചത്. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിൻറെ സമീപനം കോടതിയെ ബോധ്യപ്പെടുത്തി പരിഹാരം കാണുമെന്നാണ് റോസി അഗസ്റ്റിൻ വ്യക്തമാക്കിയത്.

അതേസമയം രാത്രി പത്തു മണിയോടെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവിൽ തമിഴ്നാട് കുറവ് വരുത്തിയിരുന്നു. രാത്രി പത്ത് മണിക്ക് മൂന്ന് ഷട്ടർ അടച്ചാണ് വെള്ളത്തിന്‍റെ അളവിൽ തമിഴ്നാട് കുറവ് വരുത്തിയത്. മൂന്ന് ഷട്ടറുകൾ അടച്ചതോടെ തുറന്നു വിടുന്ന 8000 ഘനയടി ആയിരുന്നു.

നേരത്തെ ജലനിരപ്പ് ഉയർന്നതോടെ രാത്രിയോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തമിഴ്നാട് കൂടുതൽ ഉയർത്തിയിരുന്നു. ഡാമിൽ നിന്ന് 12654 ഘനയടി വെള്ളം ആണ് തുറന്നു വിട്ടത്. 9 ഷട്ടറുകൾ 120 സെൻറീമീറ്റർ വീതം ഉയർത്തിയായിരുന്നു വെളളം പുറത്തേക്ക് ഒഴുക്കിയത്. ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Latest Articles