മേപ്പാടി : വയനാടിനെഞെട്ടിച്ച ഉരുൾപ്പൊട്ടൽ ദുരന്തത്തില്‍ കണ്ടെടുത്ത ശരീരഭാഗങ്ങളുടേയും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടേയും ഡിഎൻഎ പരിശോധനാഫലം നാളെ മുതൽ പുറത്തുവിടുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു .
ദുരന്തമേഖലയിൽ ഇന്ന് നടന്ന ജനകീയ തെരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ ലഭിച്ചു. പരപ്പന്‍പാറയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ മൂന്ന് ഭാഗങ്ങളും പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്കായി അയച്ചു. ഇവ മനുഷ്യന്റേതുതന്നെ ആണോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. രണ്ടായിരത്തോളം പേരാണ് ഞായറാഴ്ച തിരച്ചിലില്‍ പങ്കെടുത്തത്. മഴ കനത്തതോടെ ഉച്ചതിരിഞ്ഞ് രണ്ടരയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ചാലിയാറില്‍ നാളെയും ചൊവ്വാഴ്ചയും വിശദമായ തെരച്ചില്‍ നടത്തും. വിവിധ മേഖലകളായി തിരിച്ചാണ് തിരച്ചില്‍.

