തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ ധനസഹായം നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക് 75000 രൂപ വരെയും 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം ബാധിച്ചവർക്ക് 50,000 രൂപയും അധികമായി നൽകും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
സാധാരണ പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെടുന്നവർക്ക് നാല് ലക്ഷം രൂപയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും അനുവദിക്കുന്നത്. എന്നാൽ, ഇതിന് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ കൂടി അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ദുരിത ബാധിത കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തിൽ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും വാടക തുക ലഭിക്കും. സ്പോൺസർഷിപ്പ് കെട്ടിടങ്ങളിലോ സർക്കാർ സംവിധാനങ്ങളിലേക്കോ മാറുന്നവർക്ക് വാടക തുക ലഭിക്കില്ല. രേഖകൾ നഷ്ടമായവർക്ക് പുതുക്കിയ രേഖ വാങ്ങാമെന്നും ഇതിന് ഫീസ് ഉണ്ടാകില്ലെന്നും പൊലീസ് നടപടി പൂർത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് വയനാട്ടിലെ ദുരന്തമേഖലയിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. അതേസമയം, ദുരന്ത ബാധിത മേഖലകളില്‍ ഇന്നും തെരച്ചില്‍ തുടരുകയാണ്. പ്രത്യേക സോണുകളിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.

