Tuesday, May 7, 2024
spot_img

ജെപി നദ്ദ ഇന്ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും; നാശനഷ്ടങ്ങൾ വിലയിരുത്തും, പ്രളയ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളെ കാണും; ഷിംലയിലെയും ബിലാസ്പൂരിലെയും പ്രാദേശിക ഭരണകൂടവുമായി വിഷയം ചർച്ച ചെയ്യും

ദില്ലി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും. മിന്നൽ പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തും. ഒപ്പം പ്രളയ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളെ കാണും. സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന മഴയാണ് ഉരുൾപൊട്ടലിനും മേഘവിസ്ഫോടനത്തിനും വെള്ളപ്പൊക്കത്തിനും ഇടയാക്കിയത്.

രാവിലെ സിർമൗർ ജില്ലയിലെ പോണ്ട സാഹിബിലെത്തുന്ന നദ്ദ പിന്നീട് സിർമൗരി താൽ, കാച്ചി ദാങ് ഗ്രാമങ്ങൾ സന്ദർശിക്കുകയും സമീപകാലത്ത് ഉണ്ടായ മേഘവിസ്ഫോടനങ്ങൾ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്നുള്ള സാഹചര്യങ്ങളും വിലയിരുത്തും. ഷിംലയിലെ സമ്മർ ഹിൽ പ്രദേശവും ക്ഷേത്രം ഒലിച്ചുപോയ ഇടങ്ങളും നദ്ദ സന്ദർശിക്കും. തുടർന്ന് ഷിംലയിലെയും ബിലാസ്പൂരിലെയും പ്രാദേശിക ഭരണകൂടവുമായി ദുരിതാശ്വാസം, രക്ഷാപ്രവർത്തനം, പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യും.

സംസ്ഥാനത്തിന് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതോടെ ഹിമാചൽ പ്രദേശ് സർക്കാർ സംസ്ഥാനത്തെ മുഴുവൻ പ്രകൃതി ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഹിമാചലിൽ ജൂൺ 24 മുതലുള്ള മഴക്കെടുതിയിൽ 8014.61 കോടി നഷ്ടമാണുണ്ടായതെന്ന് സംസ്ഥാന സർക്കാർ പറയുന്നു. ഈ വർഷമുണ്ടായ 113 ഉരുൾപൊട്ടലുകളിൽ 2,022 വീടുകൾ പൂർണമായും 9,615 വീടുകൾ ഭാഗികമായും തകർന്നു.

സമ്മർ ഹിലിലെ ഉരുൾപ്പൊട്ടലാണോ ഇതുവരെ 16 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കാണാതായ നാല് മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കൂടാതെ, മഴക്കെടുതിയിൽ ഷിംലയിലെ കൃഷ്ണനഗറിൽ തകർന്ന വീടുകളുടെയും നാശനഷ്ടങ്ങളുടെയും കണക്ക് ബിജെപി നേതാവ് പരിശോധിക്കും. ഇതിന് ശേഷം ഷിംലയിലെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രാദേശിക ഭരണകൂടവുമായി അദ്ദേഹം ചർച്ച നടത്തും. പിന്നീട് ബിജെപി ദേശീയ അദ്ധ്യക്ഷൻ ബിലാസ്പൂരിലെത്തി കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജീവനും സ്വത്തിനും നാശനഷ്ടം നേരിട്ട കുടുംബങ്ങളെ കാണും.

Related Articles

Latest Articles