Thursday, January 8, 2026

“യാഥാർഥ്യം മനസിലാക്കാതെ സിപിഎം പ്രതികരിക്കുന്നു, കൊലപാതകത്തിൽ പങ്കില്ല, പ്രതികളെ സംരക്ഷിക്കരുതെന്ന് മാത്രമേ പറയാനുള്ളൂ…” പ്രതികരിച്ച് കണ്ണൂർ ബിജെപി ജില്ലാ നേതൃത്വം

കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ (CPM Worker Murder In Kannur) തങ്ങൾക്ക് പങ്കില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം. ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്. യാഥാർഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്നും, ബിജെപിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതികളെ സംരക്ഷിക്കരുതെന്ന് മാത്രമാണ് ബി ജെപിക്ക് പറയാനുള്ളതെന്നും എൻ.ഹരിദാസ് വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നിലെ വസ്തുത പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. പ്രതിഷേധ യോഗങ്ങളിൽ സംസാരിക്കുന്നത് മുഴുവൻ യാഥാർഥ്യങ്ങളാണോയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ചോദിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിനു സമീപത്ത് വച്ചായിരുന്നു വെട്ടിക്കൊന്നത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതി ക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. അതേസമയം കൊലപാതകം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബന്ധുക്കളുടെ മൊഴി എടുത്ത പോലീസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles