Tuesday, September 22, 2026

ഞങ്ങൾ വീണ്ടും വന്നിരിക്കുന്നു എന്ന എഴുത്ത് …മധ്യപ്രദേശിൽ മുഹറം ഘോഷയാത്രയ്ക്കിടെ കാർ ക്രെയിനിൽ ഉയർത്തി സ്ഫോടനത്തിൽ തകർത്ത സംഭവം വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

ഉജ്ജൈയിനി: മധ്യപ്രദേശിലെ ഉജ്ജൈയിനി ജില്ലയിലുണ്ടായ സ്ഫോടന ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ അന്വേഷണവുമായി പോലീസ് രംഗത്ത്. ഉജ്ജൈയിനി ബദ്‌നഗർ നഗരത്തിൽ ജൂൺ ഇരുപത്തിമൂന്നിന് രാത്രി നടന്ന മുഹറം ഘോഷയാത്രയ്ക്കിടയിലാണ് സംഭവം അരങ്ങേറിയത്. ക്രെയിൻ ഉപയോഗിച്ച് അന്തരീക്ഷത്തിൽ ഏകദേശം നാൽപ്പത് അടിയോളം ഉയരത്തിൽ കെട്ടിത്തൂക്കിയ ഒരു കാർ, സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വായുവിൽ വെച്ച് ഉഗ്രസ്ഫോടനത്തിലൂടെ തകർക്കുകയായിരുന്നു. പൊതുജന മധ്യത്തിൽ വെച്ച് വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നടത്തിയ ഈ അപകടകരമായ സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വലിയ രീതിയിലുള്ള രാഷ്ട്രീയ, സാമൂഹിക വിവാദങ്ങൾക്ക് ഇത് തിരികൊളുത്തിയത്.

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ബദ്‌നഗറിലെ അദാൻ മൊഹല്ല മേഖലയിൽ നിന്നും ആരംഭിച്ച മുഹറം ഘോഷയാത്രയിൽ പങ്കെടുക്കാൻ നൂറുകണക്കിന് ആളുകളാണ് ഒത്തുകൂടിയിരുന്നത്. ‘ഷേർ-ഇ-അദാൻ അഖാഡ ബദ്‌നഗർ’ എന്ന സംഘടനയുടെ പോസ്റ്ററുകൾ ഘോഷയാത്രയിലുടനീളം പ്രദർശിപ്പിച്ചിരുന്നു. അന്തരീക്ഷത്തിൽ കെട്ടിത്തൂക്കിയ കാറിനുള്ളിൽ സ്ഫോടകവസ്തുക്കൾ മുൻകൂട്ടി നിക്ഷേപിച്ച ശേഷമാണ് ഇവർ സ്ഫോടനം നടത്തിയത്. കാർ സ്ഫോടനത്തിൽ തകരുന്നതിന് തൊട്ടുമുൻപായി രണ്ട് വ്യക്തികൾ ചുവന്ന പതാകകൾ വീശുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടാതെ, സ്ഫോടനത്തിന് ഉപയോഗിച്ച കാറിന് മുകളിൽ “ലേ ഫിർ ആ ഗയേ” (ദാ ഞങ്ങൾ വീണ്ടും വന്നിരിക്കുന്നു) എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവെച്ചിരുന്നതും വിവാദത്തിന്റെ ആക്കം കൂട്ടി.

പൊതുസ്ഥലത്ത് ഇത്രയും വലിയ അപകടസാധ്യതയുള്ള ഒരു സ്ഫോടനം നടത്താൻ എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യം ഉന്നയിച്ച് ഹൈന്ദവ സംഘടനകളും ജനങ്ങളും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ഉജ്ജൈനിലെ ഹിന്ദു ജാഗരൺ മഞ്ച് നേതാവ് റിതേഷ് മഹേശ്വരി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും സംഘാടകർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹരിദ്വാറിലെ സ്വാമി ശിവാനന്ദ് ഗിരിയും ഈ ദൃശ്യങ്ങളെ ശക്തമായി വിമർശിച്ചു. ഘോഷയാത്രയിലെ ഈ പ്രകടനം അക്രമാസക്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതാണെന്നും ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ ബദ്‌നഗർ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് കമലേഷ് സിംഗാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്താൻ സംഘാടകർക്ക് മുൻകൂട്ടി അനുമതി ലഭിച്ചിരുന്നോ എന്നും, സ്ഫോടനത്തിനായി ഉപയോഗിച്ചത് ലൈസൻസുള്ള പടക്കങ്ങളാണോ അതോ മറ്റ് നിരോധിത സ്ഫോടകവസ്തുക്കളാണോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനൊപ്പം മുൻകാലങ്ങളിൽ നടന്ന സമാനമായ മറ്റ് സംഭവങ്ങളുടെ വീഡിയോകളും സൈബർ സെൽ നിരീക്ഷിക്കുന്നുണ്ട്. സ്ഫോടനം നടത്തിയ സംഘാടകരെ നിലവിൽ പോലീസ് ചോദ്യം ചെയ്തുവരികയാണെന്നും, വിശദമായ അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles