Tuesday, May 14, 2024
spot_img

എന്താണ് X, Y, Z കാറ്റഗറി സുരക്ഷകള്‍? ആർക്കൊക്കെ ഏതുതരത്തിലുളള സുരക്ഷയാണ് നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടത് ആര്?

നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി എന്ന വാർത്ത ഇപ്പോൾ ശ്രദ്ധേയമാണ്. ബോളിവുഡില്‍ നിന്ന് കിങ് ഖാനെ കൂടാതെ സല്‍മാന്‍ ഖാനും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എന്താണ് ഈ ‘ വൈ പ്ലസ്’ കാറ്റഗറി സുരക്ഷ? പലപ്പോഴായി വാര്‍ത്തകളില്‍ SPG, X, Y, Y+, Z, Z+ എന്നീ കാറ്റഗറികളിലുളള സുരക്ഷകള്‍ നമ്മൾ കേൾക്കാറുണ്ട്.

രാജ്യത്ത് പ്രധാനമന്ത്രിയോ അല്ലെങ്കില്‍ പ്രധാനപ്പെട്ട നേതാക്കളോ കടന്നുപോകുമ്പോള്‍ അകമ്പടി പോകുന്ന വാഹന വ്യൂഹത്തെയും അവര്‍ക്കൊപ്പം തോക്കേന്തി നടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും നമ്മൾ
കൗതുകത്തോടെ നോക്കിനിന്നിട്ടുള്ളതാണ്. എന്നാൽ എല്ലാ പ്രധാനപ്പെട്ട വ്യക്തികൾക്കും നൽകുന്നത് ഒരേ തരത്തിലുള്ള സുരക്ഷയല്ല. ഇന്റലിജന്‍സിന് ലഭിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആര്‍ക്കൊക്കെ സുരക്ഷ ഏര്‍പ്പെടുത്തണം എന്ന കാര്യം തീരുമാനിക്കുന്നത്. തീവ്രവാദ ഭീഷണി, ജീവഹാനി സംഭവിക്കാവുന്ന തരത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിന്നുള്ള ഭീഷണികള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തുക.

ഭാരതത്തിൽ ഏറ്റവും വലിയ സുരക്ഷാ കവചം ഉള്ളത് പ്രധാനമന്ത്രിക്കാണ്. എസ്.പി.ജി ലെവല്‍ സുരക്ഷയാണ് പ്രധാനമന്ത്രിക്ക്. എന്‍.എസ്.ജി കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇതില്‍. അത്യാധുനിക തോക്കുകളും ആശയവിനിമയം നടത്താന്‍ അത്യാധുനിക രീതിയിലുള്ള ഉപകരണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും. എന്തും നിരീക്ഷിക്കാനുള്ള പാടവം, ചുറ്റുഭാഗത്തും എന്ത് നടക്കുന്നു, അവയെ എങ്ങനെ നേരിടാം എന്നതില്‍ ഉന്നതതല പരിശീലനം ലഭിച്ച ഒരു കൂട്ടം കമാന്‍ഡോകളാണ് ഈ സംഘത്തിലുള്ളത്. രാജ്യത്തിന്റെ പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ലോകത്തെവിടെയും ഈ സുരക്ഷ ഉറപ്പു വരുത്തും.

രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സുരക്ഷാ സംവിധാനമാണ് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ. പത്തിലേറെ വരുന്ന എന്‍.എസ്.ജി കമാന്‍ഡോകള്‍, പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 150ലേറെ പേര്‍ അടങ്ങുന്ന സുരക്ഷാ ടീമാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ നിയോഗിക്കുക. വിദഗ്ദമായ ആയോധനകലകളും നിരായുധ പോരാട്ട പരിശീലനവും സിദ്ധിച്ച വിദഗ്ദന്മാരായ കമാന്‍ഡോകളായിരിക്കും ടീമില്‍ ഉണ്ടാകുക. എന്തിനും ഏതിനും ഏത് സമയത്തും സജ്ജമായിരിക്കുന്ന 150ലേറെ പേരടങ്ങുന്ന ഒരു കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരുടെ ടീമാണ് ഇസെഡ് പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവര്‍ക്ക് ഇസെഡ് പ്ലസ് കാറ്റഗറി സെക്യൂരിറ്റിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എൻ.ഡി എയുടെ രാഷ്ട്രപതി സ്ഥാര്‍ഥി ദ്രൗപദി മുര്‍മുവിനും ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സുരക്ഷയാണ് ഇസെഡ് കാറ്റഗറി സുരക്ഷ. നാലോ അഞ്ചോ എന്‍.എസ്.ജി കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന ഇസെഡ് ലെവല്‍ സുരക്ഷയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അമ്പതിലേറെ വരുന്ന അംഗങ്ങളാണ് ഉണ്ടാകുക. മറ്റൊരു സുരക്ഷാ കാറ്റഗറിയാണ് വൈ പ്ലസ്. 39 പേരടങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് വൈ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുക. പോലീസ് ഉദ്യോഗസ്ഥരും മൂന്നോ നാലോ കമാന്‍ഡോകളും ഈ സുരക്ഷാ ടീമില്‍ ഉള്‍പ്പെടും.

രാജ്യത്തെ മറ്റൊരു സുരക്ഷാ കാറ്റഗറിയാണ് വൈ ലെവല്‍ സുരക്ഷ. ഒന്നോ രണ്ടോ എന്‍.എസ്.ജി കമാന്‍ഡോകള്‍, പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 28 പേരടങ്ങുന്ന ടീമാണ് വൈ കാറ്റഗറിയില്‍ ഉണ്ടാകുക. രാജ്യത്ത് ഭീഷണി നേരിടുന്ന നേതാക്കള്‍ക്കും മറ്റും നല്‍കിവരുന്ന സുരക്ഷയാണ് ഇത്. രാജ്യത്തുടനീളമുള്ള ആളുകള്‍ക്ക് നിര്‍ണായക ഘട്ടത്തില്‍ നല്‍കിവരുന്ന സുരക്ഷയാണ് എക്‌സ് ലെവല്‍ സുരക്ഷ. പന്ത്രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു ടീം ആണ് ഇത്. ഇതില്‍ കമാന്‍ഡോകള്‍ ഉണ്ടാകില്ല, ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കും. ഉണ്ടാവുക.

വിഐപികളായ ആളുകള്‍ക്ക് അവരുടെ ജീവന് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടേണ്ടി വന്നാല്‍ അവര്‍ക്ക് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി സുരക്ഷ ആവശ്യപ്പെടാം. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. തുടര്‍ന്ന് ആവശ്യപ്പെട്ടത് പ്രകാരമുള്ള സുരക്ഷ അനുവദിക്കുന്നതിനായി, പരിശോധനകള്‍ക്കായി കേസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറും. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ഭീഷണി സ്ഥിരീകരിച്ചാല്‍, ആഭ്യന്തര സെക്രട്ടറിയും ഡയറക്ടര്‍ ജനറലും സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതിയാണ് ആ വ്യക്തിക്ക് ഏത് വിഭാഗത്തിലുള്ള സുരക്ഷ നല്‍കണമെന്ന് തീരുമാനിക്കുന്നത്. ഇതിനുശേഷം, വ്യക്തിയുടെ വിശദാംശങ്ങള്‍ അംഗീകാരത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കും.

Related Articles

Latest Articles