മലപ്പുറം : വയനാട് ദുരന്തത്തിൽ സംസ്ഥാനം വിറങ്ങലിച്ചു നിൽക്കുകയാണ്. മരണസംഖ്യ മണിക്കൂറുകൾക്കുള്ളിൽ ഉയരുമ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ ഇതിനിടയിലും ഹമാസിന്റെ തലവൻ ഇസ്മായിൽ ഹനിയ എന്ന കൊടുംഭീകരൻ കൊല്ലപ്പെട്ടതിന്റെ പേരിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുകയാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്.
മലപ്പുറം ജില്ലയിലെ കുന്നുമ്മലിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് റാലി സംഘടിപ്പിച്ചത്. വയനാട്ടിലുണ്ടായ ദുരന്തത്തിൽ കേരളമൊന്നാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് ഹമാസ് നേതാവിന് വേണ്ടി ഒരു കൂട്ടം മതമൗലികവാദികൾ തെരുവിലിറങ്ങിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റാലിയിൽ അണിനിരന്നിരുന്നു. പോരാട്ടത്തിന്റെ പാതയിൽ രക്തവും ജീവനും നൽകിയ നേതാവ്, ഇസ്രായേൽ തകർന്നടിയും കട്ടായം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് റാലിയിൽ മുഴങ്ങിയത്.
എന്തായാലും ഈ പ്രതിഷേധ റാലിക്കെതിരെ വിമർശനം ഉയരുകയാണ്. വയനാടിന് വേണ്ടി സുരക്ഷാകവചമൊരുക്കാൻ കേരളമൊന്നാകെ ഒന്നിച്ചു പ്രവർത്തിക്കുമ്പോഴാണ് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള നാട്ടിലെ ഭീകര നേതാവിന് വേണ്ടി ഇക്കൂട്ടർ ഒത്തുകൂടിയത്.
ദേശദ്രോഹികളായ മതമൗലികവാദികളുടെ മുഖം ഒരിക്കൽ കൂടി വ്യക്തമായെന്നും, യാതൊരു മനുഷ്യത്വവും മര്യാദയും ഇക്കൂട്ടർക്ക് ഇല്ലെന്നുമുള്ള വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഹമാസിന്റെ തലവൻ ഇസ്മായിൽ ഹനിയ എന്ന കൊടുംഭീകരൻ കൊല്ലപ്പെട്ടത്. ടെഹ്റാനിൽ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ വച്ച് ആക്രമണമുണ്ടാകുകയായിരുന്നു. ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

