Wednesday, April 24, 2024
spot_img

വിവര സുരക്ഷ വര്‍ധിപ്പിച്ചു; ബാക്കപ്പ് സന്ദേശങ്ങളിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുമായി വാട്‌സ്ആപ്

വാട്‌സ്ആപ് ഇനി മുതല്‍ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്‌റ്റോറേജില്‍ നിന്ന് വീണ്ടെടുക്കാനാകില്ല. ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയാണ് കമ്പനി. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. വാട്‌സ്ആപ്പ് സിഇഓ വില്‍ കാത്കാര്‍ട്ട് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്നുള്ള ആര്‍ക്കും വാട്‌സ്ആപ്പിനോ പോലും സന്ദേശങ്ങള്‍ കാണാന്‍ സാധിക്കില്ലെങ്കിലും സ്‌റ്റോറേജില്‍ നിന്ന് വീണ്ടെടുക്കാമായിരുന്നു.

സ്‌റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പാക്കുന്നതോടെ ഈ സാധ്യതയും അടയും.അതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കും പുതിയ ഫീച്ചര്‍ തിരിച്ചടിയാകും. നിലവില്‍ വാട്‌സ്ആപ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലോ മറ്റോ ആണ് ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടേത് സ്‌റ്റോര്‍ ചെയ്യുന്നത്. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഐ ക്ലൗഡിലും ഇതിനുള്ള ഓപ്ഷന്‍ ലഭ്യമാണ്. വലിയ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെ ചില രാജ്യങ്ങളൊക്കെ എതിര്‍ക്കുന്നുണ്ടെങ്കിലും ഉപയോക്താവിന്റെ വിവരങ്ങളുടെ സുരക്ഷയാണ് കമ്പനിക്ക് പ്രധാനമെന്ന് വാട്‌സ്ആപ് സിഇഓ അറിയിച്ചു.

വിവരങ്ങള്‍ എങ്ങിനെ ഉപയോക്താവിന് വീണ്ടെടുക്കാം

മീഡിയ,ചാറ്റുകള്‍ എന്നിവ ഗൂഗിള്‍ ഡ്രൈവ്‌സ് ,ഐക്ലൗഡ് എന്നിവയില്‍ നിന്ന് വീണ്ടെടുക്കല്‍ ഇനി സാധിക്കില്ല. എന്നാല്‍ ഒരു എന്‍ക്രിപ്ഷന്‍ കീയുടെയോ പാസ്‌വേര്‍ഡിന്റെയോ സഹായത്തോടെ ഈ സേവനം ഉപയോക്താവിന് ലഭ്യമാകും. ആന്‍ഡ്രോയിഡിലും ഐഓഎസിലും ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ടെക്‌നോളജിയാണ് ഇതിനായി തയ്യാറാക്കിയത്. പുതിയ ഫീച്ചര്‍ എന്തായാലും ഉപഭോക്താവിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ടെക് ലോകം.

Related Articles

Latest Articles