Monday, May 20, 2024
spot_img

ചക്കയുടെയും മാങ്ങയുടെയും സീസണായാൽ പിന്നെ ചില്ലിക്കൊമ്പൻ എത്തും; ഇനി ഒന്നും കിട്ടിയില്ലെങ്കിലോ പരിഭവവുമില്ല!

പാലക്കാട്: ചക്കയുടെയും മാങ്ങയുടെയും സീസണായാൽ നെല്ലിയാമ്പതിയിലെ വനാതിർത്തികളിൽ ആനയിറങ്ങുന്നു. ആ കൊമ്പന് നാട്ടുകാർ ഇട്ടിരിക്കുന്ന പേരാണ് ‘ചില്ലിക്കൊമ്പൻ’. പ്രദേശത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെയാണ് ചില്ലിക്കൊമ്പൻ വിലസി നടക്കുന്നതും കാട് കയറുന്നതെന്നും നാട്ടുകാർ പറയുന്നു. നെല്ലിയാമ്പതിയിൽ ഇറങ്ങുന്ന ഈ കൊമ്പന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാര സാധനങ്ങൾ മാങ്ങയും ചക്കയുമാണ്.

തേയിലത്തോട്ടത്തിലൂടെ ഉലാത്തുന്ന ആന പ്ലാവിൽ കയറുന്നതും മനസ് നിറയ്ക്കുന്ന കാഴ്ചയാണ്. നാട്ടിൽ ഇറങ്ങുന്ന കാട്ടാനകൾക്ക് അവയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തോട് ചേർത്താണ് ഇരട്ടപ്പേര് കിട്ടുന്നത്. അതാണ് ചിന്നക്കനാൽ, പെരിയ കനാൽ മേഖലയിൽ ഇറങ്ങി അരി തിന്നൽ പതിവാക്കിയ കൊമ്പനാനയെ അരിക്കൊമ്പൻ ആക്കിയത്. ഒപ്പമുണ്ടായിരുന്ന ചക്കക്കൊതിയനായ കൊമ്പനാനയെ ചക്കക്കൊമ്പൻ എന്നാണ് വിളിച്ചത്.

എന്നാൽ ചില്ലിക്കൊമ്പൻ എന്ന പേര് ആരാണ് നൽകിയതെന്ന് വ്യക്തമല്ല. മാങ്ങാ, ചക്ക സീസണായാൽ കാടിറങ്ങുന്ന ആന ഇവ കിട്ടാൻ എന്ത് വെല്ലുവിളിയും നേരിടുമെന്നാണ് സ്ഥലവാസികൾ പറയുന്നത്. മരത്തിന്റെ ഉയരം ചില്ലിക്കൊമ്പന് തടസവുമല്ല. മാവ് കുലുക്കി മാങ്ങ വീഴ്ത്തി തിന്നുന്നതാണ് ആനയ്ക്ക് ശീലമെന്നും നാട്ടുകാർ പറയുന്നു. പ്ലാവിൽ ചവിട്ടിക്കയറിയാണ് മുകളിലുള്ള ചക്ക എത്തിപ്പിടിച്ച് പറിക്കുന്നത്.

വയറു നിറഞ്ഞാൽ തേയില തോട്ടത്തിലൂടെ ഉലാത്തുന്ന ആന നാട്ടുകാരുടെ ഇഷ്ട കാഴ്ചയാണ്. തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് അടുത്തും ഓറഞ്ച് ഫാമിനടത്തും എത്താറുണ്ടെങ്കിലും മനുഷ്യരെ ആക്രമിക്കുന്ന പതിവ് ചില്ലിക്കൊമ്പനില്ല. ചക്കയോ , മാങ്ങയോ , തേങ്ങയോ മോഹിച്ച് വന്നിട്ടും അത് കിട്ടിയില്ലെങ്കിൽ പരിഭവങ്ങളുമില്ല. വന്നത് പോലെ കാട് കയറി തിരിച്ചുപോകുന്നതാണ് ശീലമെന്നും നാട്ടുകാർ പറയുന്നു.

Related Articles

Latest Articles